Saturday, March 24, 2007

വൃത്തസഹായി: വൃത്തത്തില്‍ കവിത എഴുതാന്‍ ഒരു എളുപ്പവഴി

വൃത്തസഹായി എന്നു വച്ചാല്‍ വൃത്തത്തില്‍ കവിത എഴുതാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‍വെയര്‍ എന്നര്‍ത്ഥം. അഹങ്കാരം എന്നു വേണമെങ്കില്‍ ഇതിനെ പറയാം. സത്യം പറയാമല്ലോ, ഉമേഷേട്ടന്റെ ഈ പോസ്റ്റ് വായിച്ചപ്പോഴാണ്‌, ഇങ്ങനെയൊരാശയം ആദ്യമായി മനസ്സില്‍ ഉദിച്ചത്.

കേന്ദ്രീയ വിദ്യാലയത്തില്‍ പഠിച്ചതു കൊണ്ടു് എനിക്കു് മലയാളം പഠിക്കാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടില്ല. "മലയാള വ്യാകരണം ഭയങ്കര വിഷമമാണു്", "മലയാളത്തിനു് മാര്‍ക്ക് കിട്ടില്ല" എന്നിങ്ങനെയുള്ള സ്ഥിരം പല്ലവികള്‍ കേള്‍ക്കാറുള്ളതു് കൊണ്ടു്, സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇതൊരനുഗ്രഹമായി തോന്നിയെങ്കിലും, മലയാളം പഠിക്കാതെ പോയതു് ഒരു വലിയ നഷ്ടമായി എന്നിപ്പോള്‍ തോന്നാറുണ്ടു് എന്നതാണു് സത്യം. എന്തായാലും കഴിഞ്ഞതിനെപ്പറ്റി ദുഃഖിച്ചിട്ടു് കാര്യമില്ലല്ലോ. ഇനി ഒരു പക്ഷേ, പഠിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു സംരംഭത്തിനു മുതിരാന്‍ എനിക്കു ധൈര്യം ഉണ്ടാകുമോ എന്ന വിഷയവും ചിന്തനീയമാണു്.

ഈ ആശയം എവിടുന്നു തുടങ്ങി എന്നു പറഞ്ഞുവല്ലോ. പക്ഷേ വൃത്തം എന്നതിനെക്കുറിച്ചു കൂടുതല്‍ എനിക്കു പറഞ്ഞു തന്നതു് ഉമേഷേട്ടന്റെ ഈ പോസ്റ്റുകളാണു്. പക്ഷേ ഇവിടെയും ഗണം തിരിച്ചു് വൃത്തം മനസ്സിലാക്കുന്നതിനെപ്പറ്റി അധികമൊന്നും ഉമേഷേട്ടന്‍ പറഞ്ഞിട്ടില്ല. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായതു കൊണ്ടായിരിക്കും. അതറിയാന്‍ വേണ്ടി, സ്കൂളില്‍ മലയാളം പഠിച്ചു എന്നവകാശപ്പെടുന്ന എന്റെ റൂംമേറ്റ്, സഞ്ജീവിന്റെ സഹായം തേടി. ഇതൊക്കെ പരീക്ഷയ്ക്കു വേണ്ടി മാത്രം പഠിച്ചതായതു കൊണ്ടു് ഒന്നും ഓര്‍മ്മയില്ലെന്നായിരുന്നു അവന്റെ പ്രതികരണം.

അതോടെ വൃത്തമഞ്ജരി വാങ്ങേണ്ടതു് അത്യാവശ്യമാണു് എന്നെനിക്കു് മനസ്സിലായി. ഉടനെ maebag.com എന്ന സൈറ്റില്‍ നിന്ന്‍ വൃത്തമഞ്ജരി, കേരളപാണിനീയം, ഭാഷാഭൂഷണം എന്നീ പുസ്തകങ്ങള്‍ നെറ്റിലൂടെ ഓര്‍ഡര്‍ ചെയ്തു. (മറുനാടന്‍ മലയാളികള്‍ക്ക് വളരെ ഉപയോഗപ്രദമായ സൈറ്റ് ആണു് ഇതു എന്നു കൂടി ഇത്തരുണത്തില്‍ പറയട്ടെ).

അങ്ങനെ അവസാനം ഉമേഷേട്ടനേയും, ഏ. ആറിനേയും മനസ്സില്‍ ഗുരുക്കളായി സങ്കല്‍പിച്ചു കൊണ്ടു്, വൃത്തമഞ്ജരി എന്ന ആയുധവും കയ്യിലേന്തി, ഞാനും സഞ്ജീവും "വൃത്തസഹായി" ഡെവലപ്‌മെന്റ് തുടങ്ങി. Python ആണു് ലാംഗ്വേജ് ആയി തിരഞ്ഞെടുത്തതു്. 3-4 ആഴ്ചകള്‍ക്കു ശേഷം ഇതാ ഇതിന്റെ ഒരു അസംസ്കൃത രൂപം.

ഉമേഷേട്ടന്റെ അടുത്ത സമസ്യാപൂരണം വരുമ്പോള്‍ എല്ലാവര്‍ക്കും വൃത്തം ഒപ്പിച്ചുള്ള പൂരണങ്ങള്‍ അയക്കാന്‍ ഈ സംരംഭം സഹായകമാവട്ടെ എന്നു പ്രത്യാശിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍:

I) എവിടെ നിന്നു് ഡൗണ്‍ലോഡ് ചെയ്യാം ?

വൃത്തസഹായിയുടെ ബീറ്റ റിലീസ് ഇവിടെ ലഭ്യമാണു്.

II) എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം ?

വൃത്തസഹായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല. വിന്‍‌ഡോസില്‍‌ ഒരു stand-alone executable ആയാണു് റിലീസ് ചെയ്തിരിക്കുന്നതു്. vruthasahayi.exe എന്ന ഫയല്‍‌ റണ്‍‌ ചെയ്താല്‍ വൃത്തസഹായി തുറക്കപ്പെടും.ലിനക്സിലാകട്ടെ ഒരു source tar ball ആയാണു് റിലീസ് ചെയ്തിരിക്കുന്നതു്. vruthasahayi.py എന്ന ഫയല്‍ റണ്‍ ചെയ്താല്‍‌ വൃത്തസഹായി തുറക്കപ്പെടും. ഈ source tar ball വിന്‍ഡോസിനും ഉപയോഗിക്കാവുന്നതാണു്. പക്ഷേ Python 2.4.4, wxPython 2.8 എന്നിവ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നു മാത്രം. (ലിനക്സില്‍ മിക്കവാറും ഡിസ്റ്റ്റിബ്യൂഷനു് ഒപ്പം തന്നെ ഇവ കാണും. ഏറി വന്നാല്‍ wxPython ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും എന്നു മാത്രം)

III) ഉപയോഗിക്കേണ്ട വിധവും സ്ക്രീന്‍ഷോട്ടുകളും:

ഇവയെല്ലാം വിശദമായി ഇവിടെ കൊടുത്തിട്ടുണ്ട്.

IV) ഇനി ചില പോരായ്മകളും നിയമങ്ങളും:

മുഴുവന്‍ നിബന്ധനകളും നിയമങ്ങളും ഇവിടെ കൊടുത്തിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലതു് താഴെ കൊടുക്കുന്നു.

1. സംവൃതോകാരം ഉകാരവും വിരാമചിഹ്നവും ഉപയോഗിച്ചു് എഴുതുക (ഉദാ: ഉലകു്). വിരാമം മാത്രമിട്ടു് എഴുതിയാല്‍, അര മാത്ര വരുന്ന മറ്റ് വ്യഞ്ജനങ്ങളും (ഉദാ: വിദ്യുത്), ഒരു മാത്ര വരുന്ന സംവൃതോകാരമുള്ള വ്യഞ്ജനങ്ങളും (ഉദാ: പറഞ്ഞതു്), തമ്മിലുള്ള വ്യത്യാസം, കമ്പ്യൂട്ടറിനു് മനസ്സിലാവില്ല.

2. തത്കാലം സംസ്കൃത വൃത്തങ്ങളിലെ വര്‍ണ്ണവൃത്തങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. മാത്രാവൃത്തങ്ങള്‍ക്കും ഭാഷാവൃത്തങ്ങള്‍ക്കും കൂടുതല്‍ പഠനം ആവശ്യമുള്ളതു കൊണ്ടു് അവ അടുത്ത വേര്‍ഷനിലേ ഉള്‍പ്പെടുത്തുകയുള്ളൂ. വൃത്തമഞ്ജരി പ്രകാരം നോക്കുകയാണെങ്കില്‍ വൃത്തം നമ്പര്‍ 293 വരെയുള്ള എല്ലാ വൃത്തങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു പറയാം. അര്‍ദ്ധസമവൃത്തങ്ങളും വിഷമവൃത്തങ്ങളും ഉള്‍പ്പെടുത്തിയവയില്‍ പെടുന്നു.

3. അനുഷ്ടുപ്പ് ഛന്ദസ്സിലെ വിലക്ഷണ വൃത്തങ്ങളായ വക്ത്രം, പത്ഥ്യാവക്ത്രം, വിപരീതപത്ഥ്യാവക്ത്രം, ചപലാവക്ത്രം, ഭവിപുല, നവിപുല, രവിപുല, മവിപുല, തവിപുല, അനുഷ്ടുപ്പ് എന്നീ വൃത്തങ്ങള്‍ക്ക്, വൃത്തം കണ്ടുപിടിക്കണമെങ്കിലും വൃത്തം പരിശോധിക്കണമെങ്കിലും കുറഞ്ഞതു് നാലു വരി വേണമെന്നു് ശഠിക്കുന്നുണ്ടു്. അതായത് ഒരു വരി മാത്രം കൊടുത്ത് വൃത്തം കണ്ടുപിടിക്കാന്‍ പറഞ്ഞാല്‍, ശരിയാണെങ്കില്‍ കൂടി, വൃത്തസഹായി, "അറിയില്ല" എന്നു് പറഞ്ഞു് കൈ മലര്‍ത്തും. വൃത്തം പരിശോധിക്കാന്‍ പറഞ്ഞാല്‍, മൂന്നു വരി കുറവാണെന്നു പറയും.

4. മേല്‍പറഞ്ഞ ഉപാധി മറ്റു വിഷമവൃത്തങ്ങള്‍ക്കും ബാധകമാണു്.

5. അര്‍ദ്ധസമവൃത്തങ്ങള്‍ക്ക് വൃത്തം കണ്ടുപിടിക്കണമെങ്കില്‍ കുറഞ്ഞതു് രണ്ടു വരി വേണമെന്നു് ശഠിക്കുന്നുണ്ടു്. വൃത്തം പരിശോധിക്കണമെങ്കില്‍ നാലു വരിയും വേണം.

6. കവിത എഴുതുമ്പോള്‍ യതി ഉള്ളിടത്ത് ഒരു സ്പേസ് അല്ലെങ്കില്‍ '/' ചിഹ്നം ഇടേണ്ടതാണു്. ഇല്ലെങ്കില്‍ വൃത്തസഹായി, കവിതയ്ക്കു യതിഭംഗം ഉണ്ടെന്നു് ആരോപിക്കും. കമ്പ്യൂട്ടറിനെ യതി മനസ്സിലാക്കിപ്പിക്കാന്‍ വേറെ വഴിയില്ലാത്തതു കൊണ്ടാണു് ഇങ്ങനെയൊരു നിയമം കൊണ്ടു വരേണ്ടി വന്നതു്.

എല്ലാവരും കൂടെ പ്രോത്സാഹിപ്പിച്ചു് ഈ സംരംഭം ഒരു വിജയമാക്കിത്തരേണം എന്നു വിനീതമായി അപേക്ഷിക്കുന്നു. ബഗ്ഗുകള്‍ ഈ പോസ്റ്റില്‍ കമന്റായോ അല്ലെങ്കില്‍ ഇവിടെയോ ഇടാം.

വാല്‍ക്കഷ്ണം:

എല്ലാം കഴിഞ്ഞ് ഞാന്‍ ഒരു കവിത എഴുതാന്‍ വൃത്തസഹായിയും തുറന്നു് ഇരുന്നു. യെവടെ ? കവിതയുണ്ടോ വരുന്നു ? അങ്ങനെ ഒരു കാര്യം കൂടി മനസിലാക്കി. എന്നെക്കൊണ്ട്, വൃത്തത്തിലോ അല്ലാതെയോ കവിത എഴുതാന്‍ പറ്റില്ലെന്ന്‍ !!!

42 comments:

Sushen :: സുഷേണന്‍ said...

വൃത്തസഹായി എന്നു വച്ചാല്‍ വൃത്തത്തില്‍ കവിത എഴുതാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‍വെയര്‍ എന്നര്‍ത്ഥം. അഹങ്കാരം എന്നു വേണമെങ്കില്‍ ഇതിനെ പറയാം. സത്യം പറയാമല്ലോ, ഉമേഷേട്ടന്റെ ഈ പോസ്റ്റ് വായിച്ചപ്പോഴാണ്‌, ഇങ്ങനെയൊരാശയം ആദ്യമായി മനസ്സില്‍ ഉദിച്ചത്.....

മൂര്‍ത്തി said...

മൊത്തം പോസ്റ്റ് വായിച്ചു. ഈ small step ഒരു big leap ആവട്ടെ എന്ന് ആശംസിക്കുന്നു. കവിതയെഴുത്തുമായി ബന്ധമില്ലാത്തതുകൊണ്ട് സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്തില്ല..ബന്ധമുള്ളവര്‍ എനിക്കു പിറകെ വരുന്നുണ്ട്‌. അവരുടെ ചെരുപ്പിന്റെ വാര്‍ അഴിക്കുവാന്‍ ഞാന്‍ യോഗ്യനല്ല..

Umesh::ഉമേഷ് said...

നല്ല കാര്യം. പ്രോഗ്രാം ഡൌണ്‍‌ലോഡ് ചെയ്തില്ല. ഇതു പലരും (സിബു, പെരിങ്ങോടന്‍, കെവിന്‍ തുടങ്ങിയവര്‍) ഇതിനുമുമ്പു ചര്‍ച്ചചെയ്തിട്ടുള്ളതാണു്.

സംസ്കൃതത്തിന്റെ കാര്യത്തില്‍ വൃത്തം കണ്ടുപിടിക്കാന്‍ സാദ്ധ്യമാണു്. മലയാളത്തില്‍ ബുദ്ധിമുട്ടും. തീവ്രയത്നം എവിടെ, ലഘുയത്നം എവിടെ എന്നറിയാന്‍ ഉച്ചരിച്ചു തന്നെ നോക്കണം.

ഉദാഹരണം: (1) മലര്‍മാല എന്നതിലെ ല ലഘുവാണു്. മലര്‍പ്പൊടിയിലേതു ഗുരുവും.

(2)കല്പനപ്രകാരം എന്നതിലെ ന ഗുരുവാണു്. കല്പിച്ച പ്രകാരത്തിലെ ച്ച ഗുരുവും.

ഇവ മനസ്സിലാക്കാന്‍ ഉച്ചരിച്ചു നോക്കണം. ഒരു പക്ഷേ നിയമങ്ങള്‍ കൊടുക്കാന്‍ പറ്റിയേക്കും.

ഇതു ഞാന്‍ ശ്രമിച്ചുനോക്കാം. ഇതിന്റെ കൂടുതല്‍ ഡെവലപ്‌മെന്റിനു ഞാനും കൂടാം. പൈത്തണ്‍ എനിക്കും വശമാണു്.

നന്ദി.

Unknown said...

കൊള്ളാം. ഉബുണ്ടുവിന്റെ റിപോസറ്ററിയില്‍ wxpython2.8 ഇതുവരെ എത്തിയിട്ടില്ല. ഇപ്പോളുള്ളത് ഇവയാണു:

python-wxgtk2.6 2.6.3.2.1.5ubuntu0.1
python-wxtools 2.6.3.2.1.5ubuntu0.1
python-wxversion 2.6.3.2.1.5ubuntu0.1

2.6 പോര, 2.8 തന്നെ വേണം, അല്ലേ?

Traceback (most recent call last):
File "./vruthasahayi.py", line 24, in ?
from guivrutham import *
File "vruthasahayi_0.1/sources/guivrutham.py", line 27, in ?
from wx.lib.wordwrap import wordwrap
ImportError: No module named wordwrap

Umesh::ഉമേഷ് said...

Very good!

ഞാന്‍ വിന്‍ഡോസ് വേര്‍ഷന്‍ ഡൌണ്‍‌ലോഡ് ചെയ്തു കുറേ ടെസ്റ്റു ചെയ്തു. എല്ലാം കൊള്ളാം. സമവൃത്തങ്ങളും അര്‍ദ്ധസമവൃത്തങ്ങളും ശരിയായി കണ്ടുപിടിക്കുന്നുണ്ടു്. ഉദാഹരണമായി

മണിയേഴു കഴിഞ്ഞു മോശമി

എന്നതു “സുമുഖി” ആണെന്നു കണ്ടുപിടിച്ചു.

പ്പണി പാല്‍ക്കഞ്ഞി തണുത്തു ചീത്തയായ്

എന്നു കൂടി ചേര്‍ത്തപ്പോള്‍ “വിയോഗിനി” എന്നും കണ്ടുപിടിച്ചു.

ഈ വീക്കെന്‍ഡില്‍ കൂടുതല്‍ ടെസ്റ്റു ചെയ്യാം.

ഒരു വരി മാത്രം കൊടുത്താല്‍ ഗണങ്ങളുടെ ഭാഗത്തും വൃത്തത്തിന്റെ പേരു തന്നെ കാണുന്നു. ഫീച്ചറോ ബഗ്ഗോ?

വിശ്വപ്രഭ viswaprabha said...

ഇതിന് മലയാളത്തില്‍ ഒരു വാക്കു പറയാന്‍ കിട്ടുന്നില്ല! അതിഗംഭീരം എന്നൊന്നും പറഞ്ഞാല്‍ പോര!

ഇംഗ്ലീഷില്‍:“Superb!", “Exemplary","Splendid" എന്നൊക്കെ പറയാം എന്നു തോന്നുന്നു!

കെവിന്റെ പരല്‍പ്പേരിനു ശേഷം ഇന്റര്‍നെറ്റ് മലയാളം കണ്ട ഏറ്റവും നല്ല പ്രോഗ്രാം!

2007-ന്റെ വസന്തതിലകം!

ബീറ്റ ഒന്ന് ഓടിച്ചുനോക്കി. സാങ്കേതികമായി തകരാറൊന്നും കാണാനില്ല ഒറ്റനോട്ടത്തില്‍.

പത്തിരുപതു ശ്ലോകങ്ങള്‍ ഇട്ടു നോക്കിയപ്പോള്‍ മിക്കവാറും എല്ലാം ശരിയായി വന്നു. അക്ഷരത്തെറ്റുകള്‍ പോലും കണ്ടുപിടിക്കാന്‍ എളുപ്പം!

പ്രേംജിയുടെ “നാല്‍ക്കാലികള്‍” എന്ന കൃതിയിലെ
മുക്കാല്‍ക്കാശിനു ബീഡി പോലെ സുകൃതം വാങ്ങാനു, മാ സ്ത്രീകളെ-
ത്തിക്കാനും തരമാവുമെന്നു കരളില്‍ കണ്ടീടുമാണുങ്ങളും
മുക്കാം പണ്ടമണിഞ്ഞു, മേനി മുഴുവന്‍ കാട്ടി, ക്കുളിക്കാതെയാ
മുക്കാസ്സാരിയുടുത്ത പെണ്മണികളും - നന്നല്ലയിന്നമ്പലം!

എന്ന ശ്ലോകം ഹരിദാസ് ചൊല്ലി ഇവിടെ 511-‌ാം ശ്ലോകമായി ഇട്ടിരുന്നതില്‍ പെണ്മണീകളും എന്ന അക്ഷരത്തെറ്റ് ഒരു നിമിഷം കൊണ്ട് വെളിവായി!

അതുപോലെ 521-ല്‍ “ ദു:ഖമുണ്ടാക്കിടുന്നു” എന്നതിലെ വിസര്‍ഗ്ഗത്തിനു പകരമുള്ള ഭിത്തിക (Column)ഒരു അക്ഷരത്തെറ്റായി ഞൊടിയിട കൊണ്ട് പുറത്തുവന്നു!

കൊള്ളാം!

സാ കവിതാ, സാ വനിതാ
യസ്യാഃ ശ്രവണേന ദര്‍ശനേനാപി
കവിഹൃദയം, യുവ ഹൃദയം
സരളം തരളം ച സത്വരം ഭവതി


ഗീതി എന്ന വൃത്തം എന്ന് എഴുതിവെച്ചിട്ടുള്ള ഈ 516-‌ാം ശ്ലോകത്തിലെ ആദ്യവരിയെ മാണവകം എന്നും മറ്റുള്ളവയെ അറിയില്ല എന്നുമാണ് വൃത്തസഹായി കാണിച്ചത്.
ഈ ശ്ലോകത്തില്‍ എന്തായാലും വൃത്തഭംഗം ഉണ്ടെന്ന് വ്യക്തമാണല്ലോ.

ഇനി GUI-നെപ്പറ്റി.
1. പദ്യത്തിന്റേയും ഫലത്തിന്റേയും ടെക്സ്റ്റ്ബോക്സുകള്‍ തിരശ്ചീനമായി (ഏകദേശം 75-25%) വെച്ചാല്‍ നന്നാവും. ഒന്നിലധികം ശ്ലോകങ്ങള്‍/പാഠഭേദങ്ങള്‍ ഒരേ സമയം പരിശോധിക്കാന്‍ ഇതു നന്നാവും.
2. ഫോണ്ടിന്റെ ഇനവും തരവും മാറ്റാന്‍ സൌകര്യമുണ്ടായാല്‍ നന്ന്‌.
3. വൃത്തത്തിന്റെ പേരിനൊപ്പം വൃത്തമഞ്ജരിയിലെ വൃത്തസംഖ്യ കൂടി കൊടുക്കാവുന്നതാണ്. ഒരേ പേരില്‍ ഒന്നിലധികം വൃത്തങ്ങള്‍ ഉള്ളതുകൊണ്ട് ഇത്‌ ആശയക്കുഴപ്പം കുറയ്ക്കും.

ബാക്കി പിന്നെ!




വളരെ കാലമായി ചര്‍ച്ച ചെയ്തും പ്രതീക്ഷിച്ചും ഇരുന്ന ഈ പ്രോഗ്രാം ഭാഷയ്ക്കൊരു മുതല്‍ക്കൂട്ടുതന്നെ!

സുഷേണാ! നമസ്കാരം! നന്ദി!

സിബു, കെവിന്‍, സാം, പെരിങ്ങോടന്‍, സ്വാര്‍ത്ഥന്‍ ക്ലബ്ബിലേക്കു സ്വാഗതം!

അക്ഷരശ്ലോകം സദസ്സിലേക്കും സ്വാഗതം!

വിശ്വപ്രഭ viswaprabha said...

:-)
ഹ ഉമേഷേ!
അതിനിടയ്ക്ക് ചാടിവീണ് ഒരു കമന്റിട്ടു അല്ലേ!

കൊള്ളാം.
എന്തായാലും 3560+ ശ്ലോകങ്ങള്‍ ഇനി ടെസ്റ്റ് ചെയ്യാനുണ്ട്!

അതൊക്കെ ഒന്നു ലിസ്റ്റാക്കണ്ടേ?
എല്ലാം പരിശോധിച്ചുകഴിഞ്ഞിട്ട് ബ്ലോഗിലിടാം എന്നും കരുതിയിരിക്കുന്നു! ലേബലുകളും ഒക്കെയുള്ളതുകൊണ്ട് വൃത്തം, കവി എന്നൊക്കെ ഇനി എളുപ്പത്തില്‍ തിരിക്കുകയുമാവാം.

ഇത്തിരി സമയം ഇനി സദസ്സിനുവേണ്ടി മാറ്റിവെക്കണം എന്നുതോന്നുന്നു.

ഉമേഷ്::Umesh said...

വിശ്വം,

“സാ കവിതാ, ...” ഗീതി തന്നെയാണു്. മാത്രാവൃത്തമാണെന്നു മാത്രം. മാത്രാവൃത്തങ്ങളെ സുഷേണന്‍ തത്‌കാലം കണ്ടുപിടിക്കുന്നില്ല എന്നു മാത്രം.

ആ ശ്ലോകത്തില്‍ വൃത്തഭംഗമില്ല. ഗീതിയുടെ ലക്ഷണം ഇവിടെ ഉണ്ടു്.

Santhosh said...
This comment has been removed by the author.
Santhosh said...

മലയാളത്തിലും ഇംഗ്ലീഷിലുമുള്ള നല്ലവാക്കുകള്‍ വിശ്വവും ഉമേഷും തീര്‍ത്തതിനാല്‍ അധികം വശമില്ലാത്ത ഹിന്ദി തന്നെ പ്രയോഗിക്കട്ടെ. അരേ വാ!

ഞാന്‍ പരീക്ഷിച്ചത് എന്‍റെ ചില വിക്രിയകള്‍ തന്നെ:


കക്കുമ്പോള്‍ ഒരു തരിനാണവും നടിക്കാ-
തൊക്കും പോല്‍ കഥ, വര, പാചകം; കലക്കൂ!
കയ്യോടേയിതുപിടികൂടിലോ ക്ഷമിക്കും,
പയ്യന്മാര്‍ പലവഴിയായതെന്‍ മിടുക്കും.


സംഭവം പ്രഹര്‍ഷിണി, പക്ഷേ മൂന്നാം വരിയില്‍ യതിഭംഗം!


ആദി, യതുല്യ, യുമേഷു, കുമാറു, നിഷാദു, വിശാല, ദിവാ, സിബു, ദില്‍ബനു, മിഞ്ചീം
ബിന്ദു, സു, ഡാലി, യമുല്ലയുമങ്ങനെ, ബെന്നി, മൊഴീ, മിടിവാള, രവിന്ദതു, സാക്ഷീ,
ലാപുട, വിശ്വ, മനൂ, കുറുമാ, നനിലും, ശനിയന്‍, പെരിയോന്‍, ഷിജു, ദേവ‍, മനു, ശ്രീ,
ജ്യോതി, കരിത്തലയന്‍, നള, നെന്നിവരൊക്കെ ബുലോഗ വനത്തിലെ പുപ്പുലികള്‍ താന്‍!


കുഴപ്പമേതുമില്ലാത്ത ചന്ദനസാരം...

നന്ദി സുഹൃത്തേ.

Cibu C J (സിബു) said...

സംശയം വേണ്ട; exemplary എന്നുതന്നെ വാക്ക്‌. ഇങ്ങനെതന്നെയാണ് ഒരു ഫ്രീസോഫ്റ്റ്വെയറുണ്ടാക്കേണ്ടത്‌.

രണ്ടു് സജഷന്‍സ്:

1. ഇതിനൊരു കമാന്റ് ലൈന്‍ വെര്‍ഷനും കൂടി ഉണ്ടായിരുന്നെങ്കില്‍ ഉമേഷിന് 3500 ശ്ലോകങ്ങളുടെ തെറ്റുതിരുത്താന്‍ ഉപകരിച്ചേനെ.

2. ഒരു ഇന്‍സ്റ്റാളര്‍ ഉപയോഗിച്ചുള്ള ഇന്‍സ്റ്റളേഷനാണ് അഭികാമ്യം. പലതിനും എളുപ്പമാവും.

ഒരു ആശ: ഇതിന്റെ തിരക്കൊഴിയുമ്പോള്‍ വരമൊഴികൂടി ഒന്നിങ്ങനെ ആക്കിത്തരാമോ? പൈത്തണ് ഉപയോഗിച്ചാല്‍ എല്ലാവര്‍ക്കും യൂണീക്കോഡ് ടെക്സ്റ്റ് എക്പോര്‍ട്ട് ചെയ്യാതെ കോപ്പി പേസ്റ്റ് ചെയ്യാ‍മല്ലോ.

ഒരു ഇനിഷ്യല്‍ വെര്‍ഷന്‍ ചെയ്തു തന്നാല്‍ മതി. ബാക്കി മെയിന്റനന്‍സ് ചെയ്തോളാം. പൈത്തണറിയാത്തതിനാലാണ് മടിച്ചു മടിച്ചു നില്‍ക്കുന്നത്.

Santhosh said...

ആവേശം കൂടിയതിനാല്‍ ഉപയോഗിച്ചു നോക്കിയിട്ടാണ് പോസ്റ്റു മുഴുവന്‍ വായിച്ചതു തന്നെ. യതിഭംഗമാണെന്ന് പറഞ്ഞതിന്‍റെ കാര്യം ഇപ്പോള്‍ മനസ്സിലായി.

ടെക്സ്റ്റ് ഫയലായി സേവ് ചെയ്യുമ്പോള്‍ ന്യൂലൈന്‍ നഷ്ടപ്പെടുന്നില്ലേ എന്നൊരു സംശയം. യു. ഐ-യെപ്പറ്റി ചില സജഷന്‍സ് ഉണ്ടായിരുന്നു. ഈ-മെയില്‍ അയയ്ക്കുന്നതാണ് ഉചിതം എന്ന് തോന്നുന്നു.

Unknown said...

തികച്ചും ഗംഭീരം തന്നെ ഈ ഉദ്യമം! ഇതൊന്ന് ഡൗണ്‍ലോഡ്‌ ചെയ്ത്‌ ടെസ്റ്റ്‌ ചെയ്തിട്ട്‌ തന്നെ കാര്യം. വളരെ നന്ദി!

സു | Su said...

സുഷേണാ :) ഇത് കൊണ്ടുവരാന്‍ പോയതായിരുന്നോ? എന്തായാലും നന്നായി. നന്ദി. ആകപ്പാടെ ഒരു വൃത്തവും ചതുരവും ഒന്നുമില്ലാതെ ഇലയിലൊഴിച്ച പായസം പോലെ അങ്ങനെ ഇരിക്കുകയായിരുന്നു. ഇനി ഇതൊക്കെ ഡൌണ്‍ലോഡ് ചെയ്തിട്ട് ബാക്കി പറയാം. പേടിക്കേണ്ട, നന്ദി പറയാം എന്നാണ്.

ബിന്ദു said...

വളരെ നന്നായി. മലയാളത്തോടുള്ള സ്നേഹം എന്നൊക്കെ പറയുന്നത് ഇതാണല്ലെ.:)
(ഇനി ഉമേഷ്ജി തെറ്റു വരുത്തിയാല്‍ കണ്ടുപിടിക്കാല്ലൊ.;) )

കെവിൻ & സിജി said...

വാഹ്, വാഹ്, വാഹ്, ഗംഭീരായിട്ടോ. സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ മേല, ഞാനിപ്പം മാനത്തു വലിഞ്ഞുകേറും.

ദേവന്‍ said...

ശരിയായി മലയാളം പഠിക്കാന്‍ അവസരം കിട്ടാത്ത എനിക്കൊക്കെ വലിയോരനുഗ്രഹമായി! നന്ദി.

ഇതിപ്പോത്തന്നെ ഡൌണ്‍ലോഡിയിട്ട്‌ ബാക്കി കാര്യം.

Sushen :: സുഷേണന്‍ said...

ആദ്യം തന്നെ ഞാന്‍ എല്ലാവര്‍ക്കും ഒരു ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ.
ഇനി മറുപടികള്‍ ഓരോന്നായി.

Moorthy:
ആശംസകള്‍ക്കു നന്ദി.

ഉമേഷേട്ടാ:
വളരെ നന്ദി.

>> തീവ്രയത്നം എവിടെ, ലഘുയത്നം എവിടെ എന്നറിയാന്‍ ഉച്ചരിച്ചു തന്നെ നോക്കണം.
ഇവിടെ ഞങ്ങള്‍ കുറേ ബുദ്ധിമുട്ടി. ചില്ലുകളുടെ കാര്യത്തില്‍ കേരളപാണിനീയത്തില്‍ പറഞ്ഞതു പോലെ, അനുനാസിക ചില്ലുകള്‍ വരുമ്പോള്‍ ആ അക്ഷരത്തെ ഗുരുവായും, മദ്ധ്യമ ചില്ലുകള്‍ വരുമ്പോള്‍ അതിനെ ലഘുവോ ഗുരുവോ ആയി മാറി മാറി പരിശോധിക്കുകയുമാണു് ഇപ്പോള്‍ ചെയ്യുന്നതു്. ഇതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

>> ഇതു ഞാന്‍ ശ്രമിച്ചുനോക്കാം. ഇതിന്റെ കൂടുതല്‍ ഡെവലപ്‌മെന്റിനു ഞാനും കൂടാം.
വളരെ നന്ദി ഉമേഷേട്ടാ. സ്വാഗതം.

>> ഒരു വരി മാത്രം കൊടുത്താല്‍ ഗണങ്ങളുടെ ഭാഗത്തും വൃത്തത്തിന്റെ പേരു തന്നെ കാണുന്നു. ഫീച്ചറോ ബഗ്ഗോ?
ഫീച്ചറാണു്. നാലില്‍ കുറവു് വരിയുള്ള പദ്യശകലങ്ങളുടെ വൃത്തവും കണ്ടുപിടിക്കാം എന്നതിനാലാണു് ഇങ്ങനെയാക്കിയതു്. അര്‍ദ്ധസമവൃത്തങ്ങള്‍ക്കും വിഷമവൃത്തങ്ങള്‍ക്കും മാത്രമേ ഇപ്പോള്‍ വരിയുടെ ഗണങ്ങള്‍ കാണിക്കുന്നുള്ളൂ.

ഏവൂര്‍ജീ:
വളരെ നന്ദി.

>> ഉബുണ്ടുവിന്റെ റിപോസറ്ററിയില്‍ wxpython2.8 ഇതുവരെ എത്തിയിട്ടില്ല.
ശരിയാണു്. ഉബുണ്ടുവിന്റെ "stable" wxPython വേര്‍ഷന്‍ വളരെ പിറകിലാണു്. ഡൗണ്‍ലോഡ് ചെയ്യാന്‍ /etc/apt/sources.list ഫയലില്‍ താഴെക്കാണുന്ന വരികള്‍ ചേര്‍ക്കുക.
# wxPython APT repository at wxcommunity.com
deb http://wxpython.wxcommunity.com/apt/ubuntu/dapper /
deb-src http://wxpython.wxcommunity.com/apt/ubuntu/dapper /
ഇനി Synaptic ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

വിശ്വേട്ടാ:
വളരെ വളരെ നന്ദി.

>> പദ്യത്തിന്റേയും ഫലത്തിന്റേയും ടെക്സ്റ്റ്ബോക്സുകള്‍ തിരശ്ചീനമായി (ഏകദേശം 75-25%) വെച്ചാല്‍ നന്നാവും.
ഇതു് ഞങ്ങള്‍ ആലോചിക്കാതിരുന്നില്ല. പക്ഷേ ഫലം ഗ്രിഡ്ഡില്‍ കാണിക്കുന്നതു കൊണ്ടു്, ഫലം ബോക്സിനു് അധികം നീളം ആവശ്യമായി വരുന്നു. ഇതു് വേണമെങ്കില്‍ ഒരു ഓപ്‌ഷനായി കൊടുക്കാവുന്നതാണു്.

>> ഫോണ്ടിന്റെ ഇനവും തരവും മാറ്റാന്‍ സൌകര്യമുണ്ടായാല്‍ നന്ന്‌.
ഫുള്‍ വേര്‍ഷനില്‍ ഇതും കൊടുക്കുന്നുണ്ടു്.

>> വൃത്തത്തിന്റെ പേരിനൊപ്പം വൃത്തമഞ്ജരിയിലെ വൃത്തസംഖ്യ കൂടി കൊടുക്കാവുന്നതാണ്. ഒരേ പേരില്‍ ഒന്നിലധികം വൃത്തങ്ങള്‍ ഉള്ളതുകൊണ്ട് ഇത്‌ ആശയക്കുഴപ്പം കുറയ്ക്കും.
"വൃത്തം പരിശോധിക്കൂ" ഓപ്‌ഷനില്‍, നടുവിലുള്ള ഡ്രോപ്‌ഡൗണ്‍ ബോക്സില്‍, വൃത്തത്തിന്റെ പേരുകളുടെ കൂടെ അക്ഷരങ്ങളുടെ എണ്ണം കൊടുക്കുന്നുണ്ടല്ലോ. ഇതേ രീതി ഫലം ഗ്രിഡ്ഡിലും ഉപയോഗിച്ചാല്‍ പോരേ ?

സന്തോഷ്ജി:
ടെസ്റ്റ് ചെയ്തതിനു നന്ദി.

>> ടെക്സ്റ്റ് ഫയലായി സേവ് ചെയ്യുമ്പോള്‍ ന്യൂലൈന്‍ നഷ്ടപ്പെടുന്നില്ലേ എന്നൊരു സംശയം.
Python വിന്‍ഡോസിലായാലും new-line character ആയി \n ആണു് എടുക്കുന്നതു്. \r\n അല്ല. വല്ല വഴിയുമുണ്ടോ എന്നു നോക്കട്ടെ.

>> യു. ഐ-യെപ്പറ്റി ചില സജഷന്‍സ് ഉണ്ടായിരുന്നു. ഈ-മെയില്‍ അയയ്ക്കുന്നതാണ് ഉചിതം എന്ന് തോന്നുന്നു.
തീര്‍ച്ചയായും.
എന്റെ മെയില്‍ ഐ. ഡി.: sushenvkumar അറ്റ് ജീമെയില്‍ ഡോട്ട് കോം
സഞ്ജീവിന്റെ മെയില്‍ ഐ. ഡി.: sankoz അറ്റ് ജീമെയില്‍ ഡോട്ട് കോം.

സിബുച്ചേട്ടാ:
വളരെ നന്ദി.

>> ഇതിനൊരു കമാന്റ് ലൈന്‍ വെര്‍ഷനും കൂടി ഉണ്ടായിരുന്നെങ്കില്‍ ....
കമാന്റ് ലൈന്‍ വേര്‍ഷന്‍ ഉണ്ട്. ലിനക്സില്‍ ഓടിക്കാവുന്നതാണു്. അധികം ടെസ്റ്റ് ചെയ്യാത്തതു കൊണ്ടു് പബ്ലിഷ് ചെയ്തില്ലെന്നു് മാത്രം. ഒന്നു കൂടി മിനുസപ്പെടുത്തിയെടുക്കാനുണ്ടു്.

>> ഒരു ഇന്‍സ്റ്റാളര്‍ ഉപയോഗിച്ചുള്ള ഇന്‍സ്റ്റളേഷനാണ് അഭികാമ്യം.
ഫുള്‍ വേര്‍ഷനില്‍ ഇന്‍സ്റ്റാളര്‍ കൊണ്ടു വരാം.

>> ഒരു ആശ: ഇതിന്റെ തിരക്കൊഴിയുമ്പോള്‍ വരമൊഴികൂടി ഒന്നിങ്ങനെ ആക്കിത്തരാമോ?
തീര്‍ച്ചയായും. ഇതിന്റെ ഫുള്‍ വേര്‍ഷന്‍ റിലീസ് കഴിഞ്ഞാല്‍ ഉടനെ അതിലേക്കു കടന്നേക്കാം.

യാത്രാമൊഴി:
വളരെ നന്ദി. ടെസ്റ്റ് ചെയ്തിട്ടു് അഭിപ്രായം അറിയിക്കൂ.

സൂച്ചേച്ചി:
നന്ദിയുണ്ടു് കേട്ടോ. :-) ഡൗണ്‍ലോഡ് ചെയ്തു് ടെസ്റ്റ് ചെയ്തിട്ടു് അഭിപ്രായം അറിയിക്കുമല്ലോ.

ബിന്ദുച്ചേച്ചി:
വളരെ നന്ദി.

കെവിന്‍ & സിജി:
താങ്ക്യൂ. താങ്ക്യൂ. :-)

ദേവേട്ടാ:
വളരെ നന്ദി. ടെസ്റ്റ് ചെയ്തിട്ടു് അഭിപ്രായം അറിയിക്കുമല്ലോ.

G.MANU said...

my special thanks and congrats for this effort....let malayalam long live......on techies like you

രാജ് said...

വളരെ നല്ല സോഫ്റ്റ്‌വെയര്‍. രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍.

കമ്പ്യൂട്ടിങ് ‘സര്‍ഗ്ഗാത്മകതയില്‍’ കൈകടത്തുന്ന രീതിയിലുള്ള ഒരു അഭിപ്രായം പറയട്ടെ,

വൃത്തം മുന്‍‌കൂര്‍ തിരഞ്ഞെടുത്തു്, അതിനനുസരിച്ചു പദ്യം ചമയ്ക്കുവാനുള്ള ഒരു ഒപ്ഷന്‍ കൂടി നല്‍കിക്കൂടെ, ടൈപ്പ് ചെയ്യുന്നതിനിടെ, വൃത്തഭംഗം വരുന്നുണ്ടെങ്കില്‍ ആ ഭാഗം ഹൈലൈറ്റ് ചെയ്യുകകൂടി ആയാല്‍ കാര്യം എളുപ്പമായി. [എന്നിട്ട് വേണം ഉമേഷ്ജി ഇനിയത്തെക്കുറി സമസ്യാപൂരണം ഇടുമ്പോള്‍ എനിക്കൊരു സമസ്യ എഴുതിയുണ്ടാക്കുവാന്‍.] ഇപ്രകാരം ചെയ്യുമ്പോള്‍ വൃത്തലക്ഷണം കൂടി പ്രദര്‍ശിപ്പിക്കുവാന്‍ ശ്രദ്ധിക്കുക. സ്കൂള്‍കുട്ടികള്‍ക്കും മറ്റും ഉപകാരമാകുവാന്‍ സാമ്പിള്‍ ഓഡിയോ ഫയലുകളും ഭാവി വേര്‍ഷനുകളില്‍ നല്‍കാവുന്നതാണു്.

ആശംസകള്‍,

riyaz ahamed said...

നന്നായിരിക്കുന്നു സുഷേണന്‍. വൃത്തങ്ങളെ പരിചയപ്പെടാന്‍ എന്നെപ്പോലുള്ളവര്‍ക്ക് തികച്ചും സഹായകരം. നന്ദി!

‘കവിതയെഴുതാന്‍’, ഇനിയുമൊരോപ്ഷന്‍ കൂടി ഉള്‍പ്പെടുത്താമോ? ‘ശുഷ്കം കാഷ്ഠം ശിഷ്ടത്യഗ്രേ’ എന്നെഴുതിയാല്‍ ‘അങ്ങനെയല്ലെടാ മണ്ടാ, ദാ ഇങ്ങനെ’ എന്നു പറഞ്ഞ് ‘വീരസ തരുവര്‍ വിലസതി പുരത:’ എന്നും ‘കൊപ്രച്ചക്കിന്റെയടുത്തുള്ള എണ്ണമണമോ’ എന്നെഴുതിയാല്‍ ‘കൊപ്രയാട്ടുന്നൊരു വാണിയച്ചക്കിന്റെ ചുറ്റുമെഴും സ്നിഗ്ദ വാസനയോ’ എന്നും തിരുത്തി നല്‍കുന്ന ഒരു ഓപ്ഷന്‍‍...

എത്ര മനോഹരമായ നടക്കാത്ത സ്വപ്നം, അല്ലേ!

Unknown said...

സുഷേണന്‍, അഭിനന്ദനങ്ങള്‍. മലയള ഭാഷയ്ക്കു എത്രയും അഭിമാനിക്കാവുന്ന ഒരു മുതല്‍കൂട്ട്.
ഒന്നു രണ്ടെണ്ണം പരീക്ഷിച്ചു. ഇത്രയധികം വൃത്തങ്ങള്‍ മലയാളത്തില്‍ ഉണ്ടല്ലേ എന്നൊരു മനോഗതവും, ഹൊ ഇനിയതൊക്കെ പുല്ലു പോലെ ആയില്ലെ എന്ന് മറുപടിയും.

ഉമേഷ് മാഷ്ന്റെ ബ്ലോഗില്‍ ഒരു സമസ്യയെങ്കിലും പൂരിപ്പിക്കണം എന്ന് വച്ച് ഇത്തവണ സ്കൂളിലെ വ്യാകരണ പുസ്തകം എടുത്തോണ്ട് വന്നപ്പോ ഇവിടെ ഇതാ വൃത്തമഞ്ജരി സോഫ്റ്റ്വെയര്‍. ഇതാണോ മനസ്സില്‍ കാണുന്നത് മാനത്ത് കാണുക എന്ന് പറയുന്നത്?

പണ്ട് എഴുത്തുകാരി റോസ്മേരി പറഞ്ഞു എന്ന് മറിയം എഴുതിയിരുന്നത് ഇവിടെ, ഈ പ്രവര്‍ത്തിയ്ക്കു ചേരും “പ്രക്ഷുബ്ധ മനോഞ്ജം”
(സോഡാകുപ്പികള്‍ ആരും താഴെ ഇടരുത്)

krish | കൃഷ് said...

കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും കൊണ്ട് മലയാളഭാഷക്കുണ്ടാവുന്ന ഒരു എടുത്തുപറയാവുന്ന മുതല്‍ക്കൂട്ടാവും ഈ വൃത്തസഹായി. ഇതുകൊണ്ട് എല്ലാവര്‍ക്കും പ്രയോജനമുണ്ടാവട്ടെ. മറന്നുകൊണ്ടിരിക്കുന്ന മലയാളം എഴുത്ത് പുഷ്ടിപ്പെടട്ടെ. സുഷേണനും കൂട്ടാളിക്കും അഭിനന്ദനത്തിന്‍റെ പൂച്ചെണ്ടുകള്‍.

(ഡയലപ്പ് കണക്ഷനായതുകാരണം വൃത്തസഹായി ഡൌന്‍ലോഡ് ചെയ്തില്ല. പിന്നീട് ചെയ്യാം. വൃത്തം കാര്യമായി അറിയില്ലെങ്കിലും പരീക്ഷിക്കാമല്ലോ)

Peelikkutty!!!!! said...

അഭിനന്ദനങ്ങള്‍:-)

Sushen :: സുഷേണന്‍ said...

G.Manu:
നന്ദി.

പെരിങ്ങോടാ:
നന്ദി.

>> ... ടൈപ്പ് ചെയ്യുന്നതിനിടെ, വൃത്തഭംഗം വരുന്നുണ്ടെങ്കില്‍ ആ ഭാഗം ഹൈലൈറ്റ് ചെയ്യുകകൂടി ആയാല്‍ കാര്യം എളുപ്പമായി.
നല്ല ഐഡിയ. ഒന്നു ശ്രമിച്ചു നോക്കട്ടെ.

>> ... സാമ്പിള്‍ ഓഡിയോ ഫയലുകളും ഭാവി വേര്‍ഷനുകളില്‍ നല്‍കാവുന്നതാണു്.
അതേതായാലും എന്റെ ശബ്ദത്തില്‍ വേണ്ട. ഉമേഷ്ജിയോ, അതു പോലെ കവിത ചൊല്ലാനറിയുന്ന മറ്റാരെങ്കിലുമോ അതിനു തയ്യാറാവുകയാണെങ്കില്‍ കൊടുക്കാം.

riz:
നന്ദി. അത്രയ്ക്കും വേണോ ?

daly:
വളരെ നന്ദി. അവസാനം പറഞ്ഞതു പക്ഷേ മനസ്സിലായില്ല. :(

കൃഷ്‌ ചേട്ടാ:
അഭിനന്ദനങ്ങള്‍ക്കു വളരെ നന്ദി.

പീലിച്ചേച്ചി:
നന്ദി.

Sanjeev K said...

Sushen, feels great to hear that everybody liked the program. kollam, super. Ellavarkkum enteyum nandi.

Posting this from Romania, where I landed yesterday for a short visit. No computers with Malayalam support around here :(

കെ.പി said...

Hi sushen,
great work..nice to see so many people appreciating the work.

Anonymous said...

സുഷേന്‍
അടിപൊളി.
ബ്ലോഗ്‌ വായിക്കാന്‍ കുറേ പാടു പെട്ടു. IE 7 മലയാളം വായിക്കാന്‍ ശ്രമിക്കുമ്പോള്‍ തകരുന്നു. അവസാനം "തീ കുറുക്കന്‍"(firefox) തന്നെ വേണ്ടി വന്നു രക്ഷക്ക്‌.

Ziya said...

അതിഗംഭീര ഉദ്യമം.
ഡൌണ്‍ലോഡ് ചെയ്തു, ഒന്നു നോക്കട്ടെ (ഇപ്പ നോക്കും!)
ആശംസകള്‍, നന്ദി.
ലക്ഷണം കൂടു തിരുകിയിരുന്നെങ്കില്‍ എന്നാശിക്കുനു.

Jack Rabbit said...
This comment has been removed by the author.
Anonymous said...

kidilam!... ente abhinandhangal!

Anonymous said...

ചെറിയൊരു റൈറ്റപ്പിതാ ഭാഷാ‌ഇന്ത്യയില്‍, വൃത്തസഹായിയെപ്പറ്റി - http://bhashaindia.com/Patrons/LanguageTech/Metrics.aspx?lang=ml

Kalesh Kumar said...

malayala bhashaykkoru muthalkkoottaanu ee sambhavam!

abhinanthanangal!

Anonymous said...

Dear Sushenan & co

Yesterday only I came to know about your Vruthashayi...through Sunil Kumar-SU-KSA. Really it is an outstanding work..

Congratulations ! I tried to validate your software with rare vruthams like Priyamvada.. you have done a good job...

By the by, I have a small suggestion, the two options in the Sahayi are approaching the given line from Vruthamanjari- that means it compares the Guru-Laghu vinyasam from Lakshanam that is included in Vruthamanjari.. As first phase it is okay..

Suppose I wish to try new vrutham, then the software gives a wrong signal.. To get rid of this I suggest that there should be a third option " Analysis" & through that option, the out put shall show the " Ganams" in the in given line(or all the four lines) & report that "Vrutham' not defined in V.Manjari .
I tried four lines with 16 aksharams- All lines identical-Samavrutham- a variation of Panchachamaram- Na-Ra-Ja-Ra-Ja-Guru
Since first ten are Manorama Vrutham & hence I managed to check it through your second option..by giving name of vrutha as Manorama.. But if you consider inclusion of a third option.. it will help for analysis of any given verse...

With Best wishes

Rajasekhar.P

KUTTAN GOPURATHINKAL said...

സുഷേണന്‍,
പോസ്റ്റും കമന്‍സും വായിച്ചു.
കമ്പ്യൂട്ടറുമായി ഇണങ്ങി വരുന്നേയുള്ളു. എഴുതാന്‍ തുടങ്ങിയതേയുള്ളു.
വായില്‍ തോന്നിയതായിരുന്നു ധൈര്യത്തില്‍ എഴുതിയിരുന്നത്‌. ഇപ്പോള്‍, ഇപ്പോള്‍ ചെറിയ ഒരു, ഒരു ഭയം തോന്നിത്തുടങ്ങിയിട്ടുണ്ട്‌.നിങ്ങളൊക്കെക്കൂടി വരുത്തിയത്‌. കവിത എന്നെഴുതി അടിവരയിട്ട്‌ എന്തു വേണമെങ്കിലും വൃത്തമില്ലാതെയൊ വൃത്തത്തിലോ എഴുതുന്ന ഇക്കാലത്ത്‌...ഒരു മെനക്കേടുതന്നെ.
ഇന്നലെ കുറെ സ്പൈവെയര്‍ കേറിയത്‌ കളയാന്‍ ഇന്ന്, നാലു മണിക്കൂറും 500 രൂപയും ചിലവായി. ഡവുണ്‍ലോഡ്‌ എന്നു കേള്‍ക്കുമ്പോള്‍തന്നെ പേടി. കുറച്ചു കഴിഞ്ഞ്‌ സാവധാനം നോക്കാം എന്നു കരുതുന്നു. ടെക്നിക്കാലിറ്റീസ്‌ അറിയാത്തതിന്റെ കുഴപ്പമാണ്‌. മാപ്പുതരണം.

G. Nisikanth (നിശി) said...

ഇത് കാണുന്നതിപ്പോൾ... എന്നിട്ടു ഒന്നും പറയാതെ പോകുന്നത് നന്ദികേടാകും...
വളരെ ഉപകാരപ്രദം, അതുല്യം.

ഇതിന്റെ വരും വേർഷനുകളിൽ കൂടുതൽ ഒപ്ഷനുകൾ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കും ഭാഷാസ്നേഹികൾക്കും കൂടുതൽ ഉപകാരപ്രദമാകട്ടേയെന്ന് ആശംസിക്കുന്നു.

കൂടെ മനസ്സു നിറഞ്ഞ നന്ദിയും
സസ്നേഹം
നിശി

എന്റെ മലയാളം said...

താങ്കളുടെ ഈ വിശിഷ്ടമായ സൃഷ്ട്ടി ഞങ്ങളുടെ മലയാളം ബ്ലോഗില്‍ നല്‍കുന്നു.ഞങ്ങളുടെ ബ്ലോഗ്‌ കേരളത്തിലെ സ്ക്കൂളുകളില്‍ പ്രചാരത്തിലുള്ളതാണ്.താങ്കള്‍ കാണുമല്ലോ?
http://malayalamresources.blogspot.com/

ms namboodiri said...

"സുഷേണ!കനകാംഗതി" അതി ഗംഭീരംട്ടോ. ഏ. ആര്‍. മലയാളത്തിനു തന്ന സംഭാവനപോലെ ഈ കമ്പ്യൂട്ടര്‍ മലയാളത്തിന്റെഭാഗ്യം.
ഞാ നൊരു പുതുമുഖം ആണേ . പേര് എം . എസ്‌. നമ്പുതിരി

Unknown said...

avicharithamaayittaanu

Unknown said...

അവിചാരിതമായിട്ടാണ് ഈ സംഗതി കണ്ടു കൂടിയത്. കവിത എഴുതാൻ വശമില്ല. എന്നാലും അതിന്റെ ഗുലുമാലുകൾ/ഗുട്ടന്സ് ഒക്കെ അറിഞ്ഞിരിക്കാമല്ലോ. എല്ലാ ഭാവുകങ്ങളും.

Anonymous said...

വിൻഡോസ് 7 ൽ ഇതു ഉപയോഗിച്ചിരുന്നു. പക്ഷെ വിൻഡോസ് റീ‍ ഇൻസ്റ്റാൾ ചെയ്തപ്പൊ ഒരു .dll file missing എന്നു കാണുന്നു.

best software development company in trivandrum said...

stay safe ,stay home
#workathome

thank you for your valuable information.
In the present scenario , having a proper mentor for career development is very important . We are also in the business of Software as a leading it company in kerala and we are top web development company in kerala.

best e-commerce development company in kerala