Saturday, March 24, 2007

വൃത്തസഹായി: വൃത്തത്തില്‍ കവിത എഴുതാന്‍ ഒരു എളുപ്പവഴി

വൃത്തസഹായി എന്നു വച്ചാല്‍ വൃത്തത്തില്‍ കവിത എഴുതാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‍വെയര്‍ എന്നര്‍ത്ഥം. അഹങ്കാരം എന്നു വേണമെങ്കില്‍ ഇതിനെ പറയാം. സത്യം പറയാമല്ലോ, ഉമേഷേട്ടന്റെ ഈ പോസ്റ്റ് വായിച്ചപ്പോഴാണ്‌, ഇങ്ങനെയൊരാശയം ആദ്യമായി മനസ്സില്‍ ഉദിച്ചത്.

കേന്ദ്രീയ വിദ്യാലയത്തില്‍ പഠിച്ചതു കൊണ്ടു് എനിക്കു് മലയാളം പഠിക്കാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടില്ല. "മലയാള വ്യാകരണം ഭയങ്കര വിഷമമാണു്", "മലയാളത്തിനു് മാര്‍ക്ക് കിട്ടില്ല" എന്നിങ്ങനെയുള്ള സ്ഥിരം പല്ലവികള്‍ കേള്‍ക്കാറുള്ളതു് കൊണ്ടു്, സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇതൊരനുഗ്രഹമായി തോന്നിയെങ്കിലും, മലയാളം പഠിക്കാതെ പോയതു് ഒരു വലിയ നഷ്ടമായി എന്നിപ്പോള്‍ തോന്നാറുണ്ടു് എന്നതാണു് സത്യം. എന്തായാലും കഴിഞ്ഞതിനെപ്പറ്റി ദുഃഖിച്ചിട്ടു് കാര്യമില്ലല്ലോ. ഇനി ഒരു പക്ഷേ, പഠിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു സംരംഭത്തിനു മുതിരാന്‍ എനിക്കു ധൈര്യം ഉണ്ടാകുമോ എന്ന വിഷയവും ചിന്തനീയമാണു്.

ഈ ആശയം എവിടുന്നു തുടങ്ങി എന്നു പറഞ്ഞുവല്ലോ. പക്ഷേ വൃത്തം എന്നതിനെക്കുറിച്ചു കൂടുതല്‍ എനിക്കു പറഞ്ഞു തന്നതു് ഉമേഷേട്ടന്റെ ഈ പോസ്റ്റുകളാണു്. പക്ഷേ ഇവിടെയും ഗണം തിരിച്ചു് വൃത്തം മനസ്സിലാക്കുന്നതിനെപ്പറ്റി അധികമൊന്നും ഉമേഷേട്ടന്‍ പറഞ്ഞിട്ടില്ല. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായതു കൊണ്ടായിരിക്കും. അതറിയാന്‍ വേണ്ടി, സ്കൂളില്‍ മലയാളം പഠിച്ചു എന്നവകാശപ്പെടുന്ന എന്റെ റൂംമേറ്റ്, സഞ്ജീവിന്റെ സഹായം തേടി. ഇതൊക്കെ പരീക്ഷയ്ക്കു വേണ്ടി മാത്രം പഠിച്ചതായതു കൊണ്ടു് ഒന്നും ഓര്‍മ്മയില്ലെന്നായിരുന്നു അവന്റെ പ്രതികരണം.

അതോടെ വൃത്തമഞ്ജരി വാങ്ങേണ്ടതു് അത്യാവശ്യമാണു് എന്നെനിക്കു് മനസ്സിലായി. ഉടനെ maebag.com എന്ന സൈറ്റില്‍ നിന്ന്‍ വൃത്തമഞ്ജരി, കേരളപാണിനീയം, ഭാഷാഭൂഷണം എന്നീ പുസ്തകങ്ങള്‍ നെറ്റിലൂടെ ഓര്‍ഡര്‍ ചെയ്തു. (മറുനാടന്‍ മലയാളികള്‍ക്ക് വളരെ ഉപയോഗപ്രദമായ സൈറ്റ് ആണു് ഇതു എന്നു കൂടി ഇത്തരുണത്തില്‍ പറയട്ടെ).

അങ്ങനെ അവസാനം ഉമേഷേട്ടനേയും, ഏ. ആറിനേയും മനസ്സില്‍ ഗുരുക്കളായി സങ്കല്‍പിച്ചു കൊണ്ടു്, വൃത്തമഞ്ജരി എന്ന ആയുധവും കയ്യിലേന്തി, ഞാനും സഞ്ജീവും "വൃത്തസഹായി" ഡെവലപ്‌മെന്റ് തുടങ്ങി. Python ആണു് ലാംഗ്വേജ് ആയി തിരഞ്ഞെടുത്തതു്. 3-4 ആഴ്ചകള്‍ക്കു ശേഷം ഇതാ ഇതിന്റെ ഒരു അസംസ്കൃത രൂപം.

ഉമേഷേട്ടന്റെ അടുത്ത സമസ്യാപൂരണം വരുമ്പോള്‍ എല്ലാവര്‍ക്കും വൃത്തം ഒപ്പിച്ചുള്ള പൂരണങ്ങള്‍ അയക്കാന്‍ ഈ സംരംഭം സഹായകമാവട്ടെ എന്നു പ്രത്യാശിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍:

I) എവിടെ നിന്നു് ഡൗണ്‍ലോഡ് ചെയ്യാം ?

വൃത്തസഹായിയുടെ ബീറ്റ റിലീസ് ഇവിടെ ലഭ്യമാണു്.

II) എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം ?

വൃത്തസഹായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല. വിന്‍‌ഡോസില്‍‌ ഒരു stand-alone executable ആയാണു് റിലീസ് ചെയ്തിരിക്കുന്നതു്. vruthasahayi.exe എന്ന ഫയല്‍‌ റണ്‍‌ ചെയ്താല്‍ വൃത്തസഹായി തുറക്കപ്പെടും.ലിനക്സിലാകട്ടെ ഒരു source tar ball ആയാണു് റിലീസ് ചെയ്തിരിക്കുന്നതു്. vruthasahayi.py എന്ന ഫയല്‍ റണ്‍ ചെയ്താല്‍‌ വൃത്തസഹായി തുറക്കപ്പെടും. ഈ source tar ball വിന്‍ഡോസിനും ഉപയോഗിക്കാവുന്നതാണു്. പക്ഷേ Python 2.4.4, wxPython 2.8 എന്നിവ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നു മാത്രം. (ലിനക്സില്‍ മിക്കവാറും ഡിസ്റ്റ്റിബ്യൂഷനു് ഒപ്പം തന്നെ ഇവ കാണും. ഏറി വന്നാല്‍ wxPython ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും എന്നു മാത്രം)

III) ഉപയോഗിക്കേണ്ട വിധവും സ്ക്രീന്‍ഷോട്ടുകളും:

ഇവയെല്ലാം വിശദമായി ഇവിടെ കൊടുത്തിട്ടുണ്ട്.

IV) ഇനി ചില പോരായ്മകളും നിയമങ്ങളും:

മുഴുവന്‍ നിബന്ധനകളും നിയമങ്ങളും ഇവിടെ കൊടുത്തിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലതു് താഴെ കൊടുക്കുന്നു.

1. സംവൃതോകാരം ഉകാരവും വിരാമചിഹ്നവും ഉപയോഗിച്ചു് എഴുതുക (ഉദാ: ഉലകു്). വിരാമം മാത്രമിട്ടു് എഴുതിയാല്‍, അര മാത്ര വരുന്ന മറ്റ് വ്യഞ്ജനങ്ങളും (ഉദാ: വിദ്യുത്), ഒരു മാത്ര വരുന്ന സംവൃതോകാരമുള്ള വ്യഞ്ജനങ്ങളും (ഉദാ: പറഞ്ഞതു്), തമ്മിലുള്ള വ്യത്യാസം, കമ്പ്യൂട്ടറിനു് മനസ്സിലാവില്ല.

2. തത്കാലം സംസ്കൃത വൃത്തങ്ങളിലെ വര്‍ണ്ണവൃത്തങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. മാത്രാവൃത്തങ്ങള്‍ക്കും ഭാഷാവൃത്തങ്ങള്‍ക്കും കൂടുതല്‍ പഠനം ആവശ്യമുള്ളതു കൊണ്ടു് അവ അടുത്ത വേര്‍ഷനിലേ ഉള്‍പ്പെടുത്തുകയുള്ളൂ. വൃത്തമഞ്ജരി പ്രകാരം നോക്കുകയാണെങ്കില്‍ വൃത്തം നമ്പര്‍ 293 വരെയുള്ള എല്ലാ വൃത്തങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു പറയാം. അര്‍ദ്ധസമവൃത്തങ്ങളും വിഷമവൃത്തങ്ങളും ഉള്‍പ്പെടുത്തിയവയില്‍ പെടുന്നു.

3. അനുഷ്ടുപ്പ് ഛന്ദസ്സിലെ വിലക്ഷണ വൃത്തങ്ങളായ വക്ത്രം, പത്ഥ്യാവക്ത്രം, വിപരീതപത്ഥ്യാവക്ത്രം, ചപലാവക്ത്രം, ഭവിപുല, നവിപുല, രവിപുല, മവിപുല, തവിപുല, അനുഷ്ടുപ്പ് എന്നീ വൃത്തങ്ങള്‍ക്ക്, വൃത്തം കണ്ടുപിടിക്കണമെങ്കിലും വൃത്തം പരിശോധിക്കണമെങ്കിലും കുറഞ്ഞതു് നാലു വരി വേണമെന്നു് ശഠിക്കുന്നുണ്ടു്. അതായത് ഒരു വരി മാത്രം കൊടുത്ത് വൃത്തം കണ്ടുപിടിക്കാന്‍ പറഞ്ഞാല്‍, ശരിയാണെങ്കില്‍ കൂടി, വൃത്തസഹായി, "അറിയില്ല" എന്നു് പറഞ്ഞു് കൈ മലര്‍ത്തും. വൃത്തം പരിശോധിക്കാന്‍ പറഞ്ഞാല്‍, മൂന്നു വരി കുറവാണെന്നു പറയും.

4. മേല്‍പറഞ്ഞ ഉപാധി മറ്റു വിഷമവൃത്തങ്ങള്‍ക്കും ബാധകമാണു്.

5. അര്‍ദ്ധസമവൃത്തങ്ങള്‍ക്ക് വൃത്തം കണ്ടുപിടിക്കണമെങ്കില്‍ കുറഞ്ഞതു് രണ്ടു വരി വേണമെന്നു് ശഠിക്കുന്നുണ്ടു്. വൃത്തം പരിശോധിക്കണമെങ്കില്‍ നാലു വരിയും വേണം.

6. കവിത എഴുതുമ്പോള്‍ യതി ഉള്ളിടത്ത് ഒരു സ്പേസ് അല്ലെങ്കില്‍ '/' ചിഹ്നം ഇടേണ്ടതാണു്. ഇല്ലെങ്കില്‍ വൃത്തസഹായി, കവിതയ്ക്കു യതിഭംഗം ഉണ്ടെന്നു് ആരോപിക്കും. കമ്പ്യൂട്ടറിനെ യതി മനസ്സിലാക്കിപ്പിക്കാന്‍ വേറെ വഴിയില്ലാത്തതു കൊണ്ടാണു് ഇങ്ങനെയൊരു നിയമം കൊണ്ടു വരേണ്ടി വന്നതു്.

എല്ലാവരും കൂടെ പ്രോത്സാഹിപ്പിച്ചു് ഈ സംരംഭം ഒരു വിജയമാക്കിത്തരേണം എന്നു വിനീതമായി അപേക്ഷിക്കുന്നു. ബഗ്ഗുകള്‍ ഈ പോസ്റ്റില്‍ കമന്റായോ അല്ലെങ്കില്‍ ഇവിടെയോ ഇടാം.

വാല്‍ക്കഷ്ണം:

എല്ലാം കഴിഞ്ഞ് ഞാന്‍ ഒരു കവിത എഴുതാന്‍ വൃത്തസഹായിയും തുറന്നു് ഇരുന്നു. യെവടെ ? കവിതയുണ്ടോ വരുന്നു ? അങ്ങനെ ഒരു കാര്യം കൂടി മനസിലാക്കി. എന്നെക്കൊണ്ട്, വൃത്തത്തിലോ അല്ലാതെയോ കവിത എഴുതാന്‍ പറ്റില്ലെന്ന്‍ !!!