സൃഷ്ടിയുടെ ടാബ്ലോ
പണ്ട് കോഴിക്കോട് ആര്. ഈ. സി.-യില്‍ പഠിക്കുന്ന കാലത്ത് ഞങ്ങള്‍ക്ക് സൃഷ്ടി എന്ന പേരില്‍ ഒരു അമച്വര്‍ നാടക ട്രൂപ്പ് ഉണ്ടായിരുന്നു. ഞങ്ങള്‍ എന്ന് വച്ചാല്‍ ഞങ്ങള്‍ ഒന്‍പത് പേര്. എട്ട് പേര് കൂടി തുടങ്ങിയ സംരംഭമാണെങ്കിലും ഒന്‍പതാമനായി ഞാന്‍ വലിഞ്ഞ് കേറി. പണ്ട് മൂന്നാം ക്ലാസില്‍ പഠിക്കുമ്പോ ഒരു ഇംഗ്ലീഷ് നാടകത്തില്‍ അഭിനയിച്ചു എന്നതൊഴിച്ചാല്‍ പ്രത്യേകിച്ച് യാതൊരു നാടകപാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഞാന്‍ എങ്ങനെ ഇതിനകത്ത് കയറിപ്പറ്റി എന്ന് ചോദിച്ചാല്‍, അതൊരു വലിയ കഥയാണ്. പിന്നീടെപ്പോഴെങ്കിലും പറയാം.
ഒന്നാം വര്‍ഷം. ഹര്‍ഷ്, സജിത്, ശ്രീപാദ്, ഗിരീഷ്, ജിനോ, ശിബിലി, സഞ്ജീവ്, രഞ്ജിത് എന്നീ പ്രതിഭകള്‍ തങ്ങളുടെ പോയകാല പ്രഭാവത്തില്‍ മുങ്ങിക്കുളിച്ചു നടന്നിരുന്ന കാലം. എന്നു വച്ചാല്‍ ചുമ്മാ കത്തിയടിച്ചും, മര്യാദക്ക് പഠിക്കുന്നവരുടെ സമാധാനം കെടുത്തിയും ഹോസ്റ്റുലകളില് മേഞ്ഞ് നടന്നിരുന്ന കാലം. ഒരു വാക്യത്തില്‍ രണ്ടു തവണയെങ്കിലും മാര്‍ക്സോ ഫ്രോയിഡോ കടന്നു വരും. "പ്രീ ഡിഗ്രി വരെയുള്ള ജീവിതത്തില്‍ ഞങ്ങള്‍ പുലികളായിരുന്നു" എന്നൊരു ലൈന്‍. ശുദ്ധ മലയാളത്തില്‍ പറഞ്ഞാല്‍ ജാഡ.
അങ്ങനെയുള്ള ഏതോ ഒരു സായാഹ്നത്തില്‍ ഉരുത്തിരിഞ്ഞു വന്ന ഒരു ആശയമായിരുന്നു, ഒരു അമച്വര്‍ നാടക ട്രൂപ്പ് എന്നത്. എല്ലാവരും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഗ്രൂപ്പായി. ക്ലബ്ബായി. കോളേജില്‍ പേരായി. ഇനിയിപ്പൊ നല്ല നാടകം വല്ലതും അവതരിപ്പിച്ചില്ലേല് മറ്റു സഹപാഠികള്‍ റോട്ടിലിട്ട് തല്ലും എന്ന അവസ്ഥ.
ഭാഗ്യത്തിന് കോളേജില്‍ ഒരു ഡ്രാമാ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയുണ്ടായി. അതില്‍ ഞങ്ങള്‍ ഒരു നാടകം അവതരിപ്പിക്കുകയും, ജഡ്ജ് ചെയ്തവരുടെ കഴിവുകേടു കൊണ്ട്, അതിന് ഒന്നാം സമ്മാനം കിട്ടുകയും ചെയ്തു. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ജാഡ പതിന്മടങ്ങ് വര്‍ദ്ധിച്ചു. ഞങ്ങള്‍ ഷേവിംഗ് ഒഴിവാക്കി. ബുദ്ധിജീവികള്‍ക്ക് താടി വേണമല്ലോ. ഒരു മാസം ഷേവ് ചെയ്യാതിരുന്നപ്പോള്‍ മൂന്നാല് രോമം അവിടവിടെയായി വന്നതിനെ താടി എന്നൊരു ഓമനപ്പേരിട്ട് വിളിക്കാനും തുടങ്ങി.
ഏറ്റവും രസകരമായ അവസ്ഥ മൂന്നാം വര്‍ഷമായിരുന്നു. CampArt എന്ന പേരില്‍ ഒരു ഇന്റര്‍ ഇയര്‍ ഫെസ്റ്റിവല്‍ ഉണ്ടായിരുന്നു ഞങ്ങളുടെ കോളേജില്‍. അതില്‍ ഒരു ടാബ്ലോ അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു. കേട്ട പാതി കേള്‍ക്കാത്ത പാതി സജിത്, "ഒരു കാളവണ്ടിച്ചക്രം ഒപ്പിക്കണല്ലോ".
ഇതു കേട്ട് ഞാന്‍, "അതിനു നമ്മള് എന്താ അവതരിപ്പിക്കാന്‍ പോണേ ?"
സജിത്, "അതൊന്നും അല്ല കാര്യം. ഞങ്ങള്‍ പാലക്കാട്ടുകാര്‍ ഇങ്ങനെയാ ടാബ്ലോ അവതരിപ്പിക്കുന്നത്."
ഞാന്‍, "അല്ല. എന്നാലും പറയെടാ. എന്താണ് ആശയം ? എന്താണ് തീം ?"
അപ്പൊ ഹര്‍ഷ്, "പാലക്കാട് ഞങ്ങള്‍ ടാബ്ലോ എന്നു കേട്ടാല്‍ ആദ്യം അന്വേഷിക്കുന്നത് വണ്ടിച്ചക്രം ആണ്. പിന്നെ ഒരു ചങ്ങല, പിന്നെ കൊറച്ച് കറുത്ത പെയിന്റും വെള്ളപ്പെയിന്റും"
ഞാന്‍ ആകെ സംശയത്തിലായി. ഇവന്മാര് കൊളമാക്ക്വോ ? രണ്ടാം വര്‍ഷക്കാരുടെ അടുത്ത് തോറ്റാപ്പിന്നെ തലവഴി മുണ്ടിട്ട് നടക്കേണ്ടി വരും. ഒറപ്പാ.
അവസാനം ദിവസം വന്നെത്തി. കാളവണ്ടിച്ചക്രം, ചങ്ങല പെയിന്റ് ഇത്യാദികള്‍ റെഡി. ഇനിയെന്ത്.
സജിത് വെളുത്ത പെയിന്റെടുത്ത് മേലാസകലം പുരട്ടി. പീറ്റര്‍, ഐപ്, എന്നീ ആജാനുബാഹുക്കളായ രണ്ട് സഹപാഠികള്‍, ഹര്‍ഷ് പറഞ്ഞതിനനുസരിച്ച് കറുത്ത പെയിന്റും എടുത്തണിഞ്ഞു. ഒരു വടിയില്‍ കയ്യും കാലും കെട്ടി സജിത്തിനെ കെട്ടിയിട്ടു. എന്നിട്ട് സ്റ്റേജില്‍ പീറ്ററും ഐപ്പും സജിത്തിനെ കെട്ടിയ വടി എടുത്ത് ചുമലില്‍ പിടിച്ചു. പണ്ട് രാജാക്കന്മാര് നായാട്ട് കഴിഞ്ഞ് വരുമ്പോ കൊന്ന പുലിയെയൊക്കെ വടിയില്‍ കെട്ടില്ലേ ? അതു പോലെ. വണ്ടിച്ചക്രത്തിനു പകുതി കറുത്ത പെയിന്റും പകുതി വെളുത്ത പെയിന്റും അടിച്ചു. അതിലൊരു ചങ്ങലയും കെട്ടി. എന്നിട്ടതിങ്ങനെ കുത്തനെ സ്റ്റേജില്‍ വച്ചു. ഇതിന്റെയൊക്കെ ചുറ്റുമായി കൊറേപ്പേര് കറുപ്പും വെളുപ്പും പെയിന്റൊക്കെ അടിച്ച് വെറുതേയങ്ങു നിന്നു. (ഞാന്‍ ഉണ്ടായിരുന്നില്ല. ടാബ്ലോയില്‍ പൊലും അഭിനയിക്കാന്‍ കഴിവില്ലാത്തതു കൊണ്ട് എനിക്കു കര്ട്ടന് വലിക്കാനുള്ള റോളാണ് തന്നത്). ഇത്രേയുള്ളൂ. ടാബ്ലോ ശുഭം.
കഴിഞ്ഞപ്പോ കര്ട്ടന് താഴേക്കിട്ട് ഞാന്‍ സദസ്സിലേക്ക് ഇറങ്ങിച്ചെന്നു. എല്ലാവരുമിങ്ങനെ തരിച്ചിരിക്കുകയായ്യിരുന്നു. ഒരു കൂവലും ഇല്ല. നന്നായോ ചീത്തയായോ എന്ന് ആദ്യം അഭിപ്രായം പറയാനുള്ള പേടി കൊണ്ടാവണം ആരും ഒന്നും പറയുന്നില്ല. ജോയ് എന്ന ഒരു ശുദ്ധനായ ഒരുത്തന് ജഡ്ജിമാരുടെ അടുത്ത് നില്ക്കുന്നുണ്ടായിരുന്നു. നിശബ്ദതയില്‍ പെട്ടെന്ന് അവന്റെ ശബ്ദം മുഴങ്ങി. "ആ സൃഷ്ടിക്കാരുടെ ഒരു ടാബ്ലോ. സൂപ്പര്‍ തന്നെ. കറുപ്പിന്റേയും വെളുപ്പിന്റേയും ഒരു സമന്വയം. നന്മയെ തിന്മ വിലങ്ങു വച്ചു പോകുമ്പോള്‍ കാലചക്രം നോക്കിനില്ക്കുന്നു." എന്റമ്മോ. സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത ഒരു വ്യാഖ്യാനം. ഉടനെ ജഡ്ജിമാരുടെ പേന ചലിച്ചു. സൃഷ്ടിക്ക് ഒന്നാം സമ്മാനം !!!
144 പ്രഖ്യാപിച്ചതു പോലെയുള്ള താടി (നാലു് രോമം ഒരുമിച്ചു വളരാത്ത അവസ്ഥ) തടവിക്കൊണ്ട് ഹര്‍ഷ് ഉരിയാടി, "ഇതിലിത്ര അദ്ഭുതം എന്തിരിക്കുന്നു ? ഇതു ഞാന്‍ പണ്ടേ പ്രതീക്ഷിച്ചതാണല്ലോ".
13 comments:
സൃഷ്ടിയുടെ ടാബ്ലോ: പണ്ട് കോഴിക്കോട് ആര്. ഈ. സി.-യില്‍ പഠിക്കുന്ന കാലത്ത് ഞങ്ങള്‍ക്ക് സൃഷ്ടി എന്ന പേരില്‍ ഒരു അമച്വര്‍ നാടക ട്രൂപ്പ് ഉണ്ടായിരുന്നു ....
പാവം ഹര്‍ഷ്. ബജ്ജികളെ (സോറി ബുജ്ജികളെ) മനസ്സിലാക്കാന്‍ ആര്.ഈ.സീയിലും ആരുമില്ലായിരുന്നല്ലേ.
പെരിങ്ങോടരേ:
ഇല്ലായിരുന്നു. കമന്റിനു നന്ദി.
നന്നായിരിക്കുന്നു.
കോളെജ് ബു.ജി-കള്‍ എല്ലായിടത്തും ഒരുപോലെതന്നെ.
പടിപ്പുര: നന്ദി
ഹിഹി..സൂപ്പര്‍ ബ്ലൊഗ്..സജിത്തില്‍ ഇങ്ങനെ ഒരു കഴിവു ഒളിഞ്ഞു കിടപ്പുണ്ടെന്നു അറിഞ്ഞില്ല ...
സുഷേണാ, കൊള്ളാട്ടോ. ഇഷ്ടായി.
ബാംഗ്ലൂരുകാരനാണോ. എങ്കില്‍ ഈ ബ്ലോഗില്‍ (ബാംഗ്ലൂര്‍ കവല) ഒരു മെംബര്‍ഷിപ്പ് എടുക്കൂ.
എന്തൊരു ബുദ്ധി ..
സുഷേണാ: കൊള്ളാല്ലോ ടാബ്ലോ.. ആ ഹര്‍ഷിന്റെ ബുദ്ധിയേ..
കൃഷ് | krish
malini: നന്ദി
ശ്രീജിത്ത്: നന്ദി. എടുത്തിട്ടുണ്ട്. എന്റെ മെയിലും കണ്ടു കാണുമല്ലോ.
ittimalu: നന്ദി.
കൃഷ്: നന്ദി. അങ്ങനെ ഹര്‍ഷ് ഫേമസ് ആയല്ലേ :-)
Sooopar
Soooper
ചേട്ടാ, ഏതു വര്‍ഷം?
Post a Comment