Saturday, March 24, 2007

വൃത്തസഹായി: വൃത്തത്തില്‍ കവിത എഴുതാന്‍ ഒരു എളുപ്പവഴി

വൃത്തസഹായി എന്നു വച്ചാല്‍ വൃത്തത്തില്‍ കവിത എഴുതാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‍വെയര്‍ എന്നര്‍ത്ഥം. അഹങ്കാരം എന്നു വേണമെങ്കില്‍ ഇതിനെ പറയാം. സത്യം പറയാമല്ലോ, ഉമേഷേട്ടന്റെ ഈ പോസ്റ്റ് വായിച്ചപ്പോഴാണ്‌, ഇങ്ങനെയൊരാശയം ആദ്യമായി മനസ്സില്‍ ഉദിച്ചത്.

കേന്ദ്രീയ വിദ്യാലയത്തില്‍ പഠിച്ചതു കൊണ്ടു് എനിക്കു് മലയാളം പഠിക്കാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടില്ല. "മലയാള വ്യാകരണം ഭയങ്കര വിഷമമാണു്", "മലയാളത്തിനു് മാര്‍ക്ക് കിട്ടില്ല" എന്നിങ്ങനെയുള്ള സ്ഥിരം പല്ലവികള്‍ കേള്‍ക്കാറുള്ളതു് കൊണ്ടു്, സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇതൊരനുഗ്രഹമായി തോന്നിയെങ്കിലും, മലയാളം പഠിക്കാതെ പോയതു് ഒരു വലിയ നഷ്ടമായി എന്നിപ്പോള്‍ തോന്നാറുണ്ടു് എന്നതാണു് സത്യം. എന്തായാലും കഴിഞ്ഞതിനെപ്പറ്റി ദുഃഖിച്ചിട്ടു് കാര്യമില്ലല്ലോ. ഇനി ഒരു പക്ഷേ, പഠിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു സംരംഭത്തിനു മുതിരാന്‍ എനിക്കു ധൈര്യം ഉണ്ടാകുമോ എന്ന വിഷയവും ചിന്തനീയമാണു്.

ഈ ആശയം എവിടുന്നു തുടങ്ങി എന്നു പറഞ്ഞുവല്ലോ. പക്ഷേ വൃത്തം എന്നതിനെക്കുറിച്ചു കൂടുതല്‍ എനിക്കു പറഞ്ഞു തന്നതു് ഉമേഷേട്ടന്റെ ഈ പോസ്റ്റുകളാണു്. പക്ഷേ ഇവിടെയും ഗണം തിരിച്ചു് വൃത്തം മനസ്സിലാക്കുന്നതിനെപ്പറ്റി അധികമൊന്നും ഉമേഷേട്ടന്‍ പറഞ്ഞിട്ടില്ല. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായതു കൊണ്ടായിരിക്കും. അതറിയാന്‍ വേണ്ടി, സ്കൂളില്‍ മലയാളം പഠിച്ചു എന്നവകാശപ്പെടുന്ന എന്റെ റൂംമേറ്റ്, സഞ്ജീവിന്റെ സഹായം തേടി. ഇതൊക്കെ പരീക്ഷയ്ക്കു വേണ്ടി മാത്രം പഠിച്ചതായതു കൊണ്ടു് ഒന്നും ഓര്‍മ്മയില്ലെന്നായിരുന്നു അവന്റെ പ്രതികരണം.

അതോടെ വൃത്തമഞ്ജരി വാങ്ങേണ്ടതു് അത്യാവശ്യമാണു് എന്നെനിക്കു് മനസ്സിലായി. ഉടനെ maebag.com എന്ന സൈറ്റില്‍ നിന്ന്‍ വൃത്തമഞ്ജരി, കേരളപാണിനീയം, ഭാഷാഭൂഷണം എന്നീ പുസ്തകങ്ങള്‍ നെറ്റിലൂടെ ഓര്‍ഡര്‍ ചെയ്തു. (മറുനാടന്‍ മലയാളികള്‍ക്ക് വളരെ ഉപയോഗപ്രദമായ സൈറ്റ് ആണു് ഇതു എന്നു കൂടി ഇത്തരുണത്തില്‍ പറയട്ടെ).

അങ്ങനെ അവസാനം ഉമേഷേട്ടനേയും, ഏ. ആറിനേയും മനസ്സില്‍ ഗുരുക്കളായി സങ്കല്‍പിച്ചു കൊണ്ടു്, വൃത്തമഞ്ജരി എന്ന ആയുധവും കയ്യിലേന്തി, ഞാനും സഞ്ജീവും "വൃത്തസഹായി" ഡെവലപ്‌മെന്റ് തുടങ്ങി. Python ആണു് ലാംഗ്വേജ് ആയി തിരഞ്ഞെടുത്തതു്. 3-4 ആഴ്ചകള്‍ക്കു ശേഷം ഇതാ ഇതിന്റെ ഒരു അസംസ്കൃത രൂപം.

ഉമേഷേട്ടന്റെ അടുത്ത സമസ്യാപൂരണം വരുമ്പോള്‍ എല്ലാവര്‍ക്കും വൃത്തം ഒപ്പിച്ചുള്ള പൂരണങ്ങള്‍ അയക്കാന്‍ ഈ സംരംഭം സഹായകമാവട്ടെ എന്നു പ്രത്യാശിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍:

I) എവിടെ നിന്നു് ഡൗണ്‍ലോഡ് ചെയ്യാം ?

വൃത്തസഹായിയുടെ ബീറ്റ റിലീസ് ഇവിടെ ലഭ്യമാണു്.

II) എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം ?

വൃത്തസഹായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല. വിന്‍‌ഡോസില്‍‌ ഒരു stand-alone executable ആയാണു് റിലീസ് ചെയ്തിരിക്കുന്നതു്. vruthasahayi.exe എന്ന ഫയല്‍‌ റണ്‍‌ ചെയ്താല്‍ വൃത്തസഹായി തുറക്കപ്പെടും.ലിനക്സിലാകട്ടെ ഒരു source tar ball ആയാണു് റിലീസ് ചെയ്തിരിക്കുന്നതു്. vruthasahayi.py എന്ന ഫയല്‍ റണ്‍ ചെയ്താല്‍‌ വൃത്തസഹായി തുറക്കപ്പെടും. ഈ source tar ball വിന്‍ഡോസിനും ഉപയോഗിക്കാവുന്നതാണു്. പക്ഷേ Python 2.4.4, wxPython 2.8 എന്നിവ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നു മാത്രം. (ലിനക്സില്‍ മിക്കവാറും ഡിസ്റ്റ്റിബ്യൂഷനു് ഒപ്പം തന്നെ ഇവ കാണും. ഏറി വന്നാല്‍ wxPython ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും എന്നു മാത്രം)

III) ഉപയോഗിക്കേണ്ട വിധവും സ്ക്രീന്‍ഷോട്ടുകളും:

ഇവയെല്ലാം വിശദമായി ഇവിടെ കൊടുത്തിട്ടുണ്ട്.

IV) ഇനി ചില പോരായ്മകളും നിയമങ്ങളും:

മുഴുവന്‍ നിബന്ധനകളും നിയമങ്ങളും ഇവിടെ കൊടുത്തിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലതു് താഴെ കൊടുക്കുന്നു.

1. സംവൃതോകാരം ഉകാരവും വിരാമചിഹ്നവും ഉപയോഗിച്ചു് എഴുതുക (ഉദാ: ഉലകു്). വിരാമം മാത്രമിട്ടു് എഴുതിയാല്‍, അര മാത്ര വരുന്ന മറ്റ് വ്യഞ്ജനങ്ങളും (ഉദാ: വിദ്യുത്), ഒരു മാത്ര വരുന്ന സംവൃതോകാരമുള്ള വ്യഞ്ജനങ്ങളും (ഉദാ: പറഞ്ഞതു്), തമ്മിലുള്ള വ്യത്യാസം, കമ്പ്യൂട്ടറിനു് മനസ്സിലാവില്ല.

2. തത്കാലം സംസ്കൃത വൃത്തങ്ങളിലെ വര്‍ണ്ണവൃത്തങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. മാത്രാവൃത്തങ്ങള്‍ക്കും ഭാഷാവൃത്തങ്ങള്‍ക്കും കൂടുതല്‍ പഠനം ആവശ്യമുള്ളതു കൊണ്ടു് അവ അടുത്ത വേര്‍ഷനിലേ ഉള്‍പ്പെടുത്തുകയുള്ളൂ. വൃത്തമഞ്ജരി പ്രകാരം നോക്കുകയാണെങ്കില്‍ വൃത്തം നമ്പര്‍ 293 വരെയുള്ള എല്ലാ വൃത്തങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു പറയാം. അര്‍ദ്ധസമവൃത്തങ്ങളും വിഷമവൃത്തങ്ങളും ഉള്‍പ്പെടുത്തിയവയില്‍ പെടുന്നു.

3. അനുഷ്ടുപ്പ് ഛന്ദസ്സിലെ വിലക്ഷണ വൃത്തങ്ങളായ വക്ത്രം, പത്ഥ്യാവക്ത്രം, വിപരീതപത്ഥ്യാവക്ത്രം, ചപലാവക്ത്രം, ഭവിപുല, നവിപുല, രവിപുല, മവിപുല, തവിപുല, അനുഷ്ടുപ്പ് എന്നീ വൃത്തങ്ങള്‍ക്ക്, വൃത്തം കണ്ടുപിടിക്കണമെങ്കിലും വൃത്തം പരിശോധിക്കണമെങ്കിലും കുറഞ്ഞതു് നാലു വരി വേണമെന്നു് ശഠിക്കുന്നുണ്ടു്. അതായത് ഒരു വരി മാത്രം കൊടുത്ത് വൃത്തം കണ്ടുപിടിക്കാന്‍ പറഞ്ഞാല്‍, ശരിയാണെങ്കില്‍ കൂടി, വൃത്തസഹായി, "അറിയില്ല" എന്നു് പറഞ്ഞു് കൈ മലര്‍ത്തും. വൃത്തം പരിശോധിക്കാന്‍ പറഞ്ഞാല്‍, മൂന്നു വരി കുറവാണെന്നു പറയും.

4. മേല്‍പറഞ്ഞ ഉപാധി മറ്റു വിഷമവൃത്തങ്ങള്‍ക്കും ബാധകമാണു്.

5. അര്‍ദ്ധസമവൃത്തങ്ങള്‍ക്ക് വൃത്തം കണ്ടുപിടിക്കണമെങ്കില്‍ കുറഞ്ഞതു് രണ്ടു വരി വേണമെന്നു് ശഠിക്കുന്നുണ്ടു്. വൃത്തം പരിശോധിക്കണമെങ്കില്‍ നാലു വരിയും വേണം.

6. കവിത എഴുതുമ്പോള്‍ യതി ഉള്ളിടത്ത് ഒരു സ്പേസ് അല്ലെങ്കില്‍ '/' ചിഹ്നം ഇടേണ്ടതാണു്. ഇല്ലെങ്കില്‍ വൃത്തസഹായി, കവിതയ്ക്കു യതിഭംഗം ഉണ്ടെന്നു് ആരോപിക്കും. കമ്പ്യൂട്ടറിനെ യതി മനസ്സിലാക്കിപ്പിക്കാന്‍ വേറെ വഴിയില്ലാത്തതു കൊണ്ടാണു് ഇങ്ങനെയൊരു നിയമം കൊണ്ടു വരേണ്ടി വന്നതു്.

എല്ലാവരും കൂടെ പ്രോത്സാഹിപ്പിച്ചു് ഈ സംരംഭം ഒരു വിജയമാക്കിത്തരേണം എന്നു വിനീതമായി അപേക്ഷിക്കുന്നു. ബഗ്ഗുകള്‍ ഈ പോസ്റ്റില്‍ കമന്റായോ അല്ലെങ്കില്‍ ഇവിടെയോ ഇടാം.

വാല്‍ക്കഷ്ണം:

എല്ലാം കഴിഞ്ഞ് ഞാന്‍ ഒരു കവിത എഴുതാന്‍ വൃത്തസഹായിയും തുറന്നു് ഇരുന്നു. യെവടെ ? കവിതയുണ്ടോ വരുന്നു ? അങ്ങനെ ഒരു കാര്യം കൂടി മനസിലാക്കി. എന്നെക്കൊണ്ട്, വൃത്തത്തിലോ അല്ലാതെയോ കവിത എഴുതാന്‍ പറ്റില്ലെന്ന്‍ !!!

Friday, February 16, 2007

സൃഷ്ടിയുടെ ടാബ്ലോ

പണ്ട് കോഴിക്കോട് ആര്‍. ഈ. സി.-യില്‍ പഠിക്കുന്ന കാലത്ത് ഞങ്ങള്‍ക്ക് സൃഷ്ടി എന്ന പേരില്‍ ഒരു അമച്വര്‍ നാടക ട്രൂപ്പ് ഉണ്ടായിരുന്നു. ഞങ്ങള്‍ എന്ന്‍ വച്ചാല്‍ ഞങ്ങള്‍ ഒന്‍പത് പേര്‍. എട്ട് പേര്‍ കൂടി തുടങ്ങിയ സംരംഭമാണെങ്കിലും ഒന്‍പതാമനായി ഞാന്‍ വലിഞ്ഞ് കേറി. പണ്ട് മൂന്നാം ക്ലാസില്‍ പഠിക്കുമ്പോ ഒരു ഇംഗ്ലീഷ് നാടകത്തില്‍ അഭിനയിച്ചു എന്നതൊഴിച്ചാല്‍ പ്രത്യേകിച്ച് യാതൊരു നാടകപാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഞാന്‍ എങ്ങനെ ഇതിനകത്ത് കയറിപ്പറ്റി എന്ന്‍ ചോദിച്ചാല്‍, അതൊരു വലിയ കഥയാണ്‌. പിന്നീടെപ്പോഴെങ്കിലും പറയാം.

ഒന്നാം വര്‍ഷം. ഹര്‍ഷ്, സജിത്, ശ്രീപാദ്, ഗിരീഷ്, ജിനോ, ശിബിലി, സഞ്ജീവ്, രഞ്ജിത് എന്നീ പ്രതിഭകള്‍ തങ്ങളുടെ പോയകാല പ്രഭാവത്തില്‍ മുങ്ങിക്കുളിച്ചു നടന്നിരുന്ന കാലം. എന്നു വച്ചാല്‍ ചുമ്മാ കത്തിയടിച്ചും, മര്യാദക്ക് പഠിക്കുന്നവരുടെ സമാധാനം കെടുത്തിയും ഹോസ്റ്റുലകളില്‍ മേഞ്ഞ് നടന്നിരുന്ന കാലം. ഒരു വാക്യത്തില്‍ രണ്ടു തവണയെങ്കിലും മാര്‍‍ക്സോ ഫ്രോയിഡോ കടന്നു വരും. "പ്രീ ഡിഗ്രി വരെയുള്ള ജീവിതത്തില്‍ ഞങ്ങള്‍ പുലികളായിരുന്നു" എന്നൊരു ലൈന്‍. ശുദ്ധ മലയാളത്തില്‍ പറഞ്ഞാല്‍ ജാഡ.

അങ്ങനെയുള്ള ഏതോ ഒരു സായാഹ്നത്തില്‍ ഉരുത്തിരിഞ്ഞു വന്ന ഒരു ആശയമായിരുന്നു, ഒരു അമച്വര്‍ നാടക ട്രൂപ്പ് എന്നത്. എല്ലാവരും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഗ്രൂപ്പായി. ക്ലബ്ബായി. കോളേജില്‍ പേരായി. ഇനിയിപ്പൊ നല്ല നാടകം വല്ലതും അവതരിപ്പിച്ചില്ലേല്‍ മറ്റു സഹപാഠികള്‍‍ റോട്ടിലിട്ട് തല്ലും എന്ന അവസ്ഥ.

ഭാഗ്യത്തിന്‌ കോളേജില്‍ ഒരു ഡ്രാമാ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയുണ്ടായി. അതില്‍ ഞങ്ങള്‍ ഒരു നാടകം അവതരിപ്പിക്കുകയും, ജഡ്ജ് ചെയ്തവരുടെ കഴിവുകേടു കൊണ്ട്, അതിന്‌ ഒന്നാം സമ്മാനം കിട്ടുകയും ചെയ്തു. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ജാഡ പതിന്മടങ്ങ് വര്‍ദ്ധിച്ചു. ഞങ്ങള്‍ ഷേവിംഗ് ഒഴിവാക്കി. ബുദ്ധിജീവികള്‍ക്ക് താടി വേണമല്ലോ. ഒരു മാസം ഷേവ് ചെയ്യാതിരുന്നപ്പോള്‍ മൂന്നാല്‌ രോമം അവിടവിടെയായി വന്നതിനെ താടി എന്നൊരു ഓമനപ്പേരിട്ട് വിളിക്കാനും തുടങ്ങി.

ഏറ്റവും രസകരമായ അവസ്ഥ മൂന്നാം വര്‍ഷമായിരുന്നു. CampArt എന്ന പേരില്‍ ഒരു ഇന്റര്‍ ഇയര്‍ ഫെസ്റ്റിവല്‍ ഉണ്ടായിരുന്നു ഞങ്ങളുടെ കോളേജില്‍. അതില്‍ ഒരു ടാബ്ലോ അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു. കേട്ട പാതി കേള്‍ക്കാത്ത പാതി സജിത്, "ഒരു കാളവണ്ടിച്ചക്രം ഒപ്പിക്കണല്ലോ".
ഇതു കേട്ട് ഞാന്‍, "അതിനു നമ്മള്‍ എന്താ അവതരിപ്പിക്കാന്‍ പോണേ ?"
സജിത്, "അതൊന്നും അല്ല കാര്യം. ഞങ്ങള്‍ പാലക്കാട്ടുകാര്‌ ഇങ്ങനെയാ ടാബ്ലോ അവതരിപ്പിക്കുന്നത്."
ഞാന്‍, "അല്ല. എന്നാലും പറയെടാ. എന്താണ്‌ ആശയം ? എന്താണ്‌ തീം ?"
അപ്പൊ ഹര്‍ഷ്, "പാലക്കാട് ഞങ്ങള്‍ ടാബ്ലോ എന്നു കേട്ടാല്‍ ആദ്യം അന്വേഷിക്കുന്നത് വണ്ടിച്ചക്രം ആണ്. പിന്നെ ഒരു ചങ്ങല, പിന്നെ കൊറച്ച് കറുത്ത പെയിന്റും വെള്ളപ്പെയിന്റും"
ഞാന്‍ ആകെ സംശയത്തിലായി. ഇവന്‍മാര്‌ കൊളമാക്ക്വോ ? രണ്ടാം വര്‍ഷക്കാരുടെ അടുത്ത്‌ തോറ്റാപ്പിന്നെ തലവഴി മുണ്ടിട്ട് നടക്കേണ്ടി വരും. ഒറപ്പാ.

അവസാനം ദിവസം വന്നെത്തി. കാളവണ്ടിച്ചക്രം, ചങ്ങല പെയിന്റ് ഇത്യാദികള്‍ റെഡി. ഇനിയെന്ത്.
സജിത് വെളുത്ത പെയിന്റെടുത്ത് മേലാസകലം പുരട്ടി. പീറ്റര്‍, ഐപ്, എന്നീ ആജാനുബാഹുക്കളായ രണ്ട് സഹപാഠികള്‍, ഹര്‍ഷ് പറഞ്ഞതിനനുസരിച്ച് കറുത്ത പെയിന്റും എടുത്തണിഞ്ഞു. ഒരു വടിയില്‍ കയ്യും കാലും കെട്ടി സജിത്തിനെ കെട്ടിയിട്ടു. എന്നിട്ട് സ്റ്റേജില്‍ പീറ്ററും ഐപ്പും സജിത്തിനെ കെട്ടിയ വടി എടുത്ത് ചുമലില്‍ പിടിച്ചു. പണ്ട് രാജാക്കന്മാര്‍ നായാട്ട് കഴിഞ്ഞ് വരുമ്പോ കൊന്ന പുലിയെയൊക്കെ വടിയില്‍ കെട്ടില്ലേ ? അതു പോലെ. വണ്ടിച്ചക്രത്തിനു പകുതി കറുത്ത പെയിന്റും പകുതി വെളുത്ത പെയിന്റും അടിച്ചു. അതിലൊരു ചങ്ങലയും കെട്ടി. എന്നിട്ടതിങ്ങനെ കുത്തനെ സ്റ്റേജില്‍ വച്ചു. ഇതിന്റെയൊക്കെ ചുറ്റുമായി കൊറേപ്പേര്‍ കറുപ്പും വെളുപ്പും പെയിന്റൊക്കെ അടിച്ച് വെറുതേയങ്ങു നിന്നു. (ഞാന്‍ ഉണ്ടായിരുന്നില്ല. ടാബ്ലോയില്‍ പൊലും അഭിനയിക്കാന്‍ കഴിവില്ലാത്തതു കൊണ്ട് എനിക്കു കര്‍ട്ടന്‍ വലിക്കാനുള്ള റോളാണ്‌ തന്നത്). ഇത്രേയുള്ളൂ. ടാബ്ലോ ശുഭം.

കഴിഞ്ഞപ്പോ കര്‍ട്ടന്‍ താഴേക്കിട്ട് ഞാന്‍ സദസ്സിലേക്ക് ഇറങ്ങിച്ചെന്നു. എല്ലാവരുമിങ്ങനെ തരിച്ചിരിക്കുകയായ്യിരുന്നു. ഒരു കൂവലും ഇല്ല. നന്നായോ ചീത്തയായോ എന്ന്‍ ആദ്യം അഭിപ്രായം പറയാനുള്ള പേടി കൊണ്ടാവണം ആരും ഒന്നും പറയുന്നില്ല. ജോയ് എന്ന ഒരു ശുദ്ധനായ ഒരുത്തന്‍ ജഡ്‌ജിമാരുടെ അടുത്ത് നില്ക്കുന്നുണ്ടായിരുന്നു. നിശബ്ദതയില്‍ പെട്ടെന്ന്‍ അവന്റെ ശബ്ദം മുഴങ്ങി. "ആ സൃഷ്ടിക്കാരുടെ ഒരു ടാബ്ലോ. സൂപ്പര്‍ തന്നെ. കറുപ്പിന്റേയും വെളുപ്പിന്റേയും ഒരു സമന്വയം. നന്മയെ തിന്മ വിലങ്ങു വച്ചു പോകുമ്പോള്‍ കാലചക്രം നോക്കിനില്‍ക്കുന്നു." എന്റമ്മോ. സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത ഒരു വ്യാഖ്യാനം. ഉടനെ ജഡ്‌ജിമാരുടെ പേന ചലിച്ചു. സൃഷ്ടിക്ക് ഒന്നാം സമ്മാനം !!!

144 പ്രഖ്യാപിച്ചതു പോലെയുള്ള താടി (നാലു് രോമം ഒരുമിച്ചു വളരാത്ത അവസ്ഥ) തടവിക്കൊണ്ട് ഹര്‍ഷ് ഉരിയാടി, "ഇതിലിത്ര അദ്ഭുതം എന്തിരിക്കുന്നു ? ഇതു ഞാന്‍ പണ്ടേ പ്രതീക്ഷിച്ചതാണല്ലോ".

Thursday, January 18, 2007

തുടക്കം

പേര്‌ പോലെത്തന്നെ. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടതും കൊണ്ടതും ആയ കാര്യങ്ങള്‍. അത്രേ ഉള്ളൂ. വലിയ സംഭവങ്ങളൊന്നും എന്റെ ജീവിതത്തില്‍ ഇതു വരേ സംഭവിക്കാത്തതു കാരണം പ്രത്യേകിച്ച് രസമുള്ള ഒരു സംഭവവും ഈ ബൂലോഗത്തില്‍ കാണുകയില്ല. എന്നാലും എന്തെങ്കിലും കുത്തിക്കുറിച്ചേക്കാം എന്നു വച്ചു. ദയവായി ആരും തെറി വിളിക്കരുത്.